IPL 2023: കലാശപ്പോരിൽ ചെന്നൈയുടെ എതിരാളികളെ നാളെ അറിയാം; മുംബൈയും ഗുജറാത്തും നേർക്കുനേർ
MI vs GT predicted 11: കിരീടം നിലനിർത്താൻ ഗുജറാത്തും 6-ാം കിരീടം ലക്ഷ്യമിട്ട് ഗുജറാത്തും ഇറങ്ങുമ്പോൾ എന്തും സംഭവിക്കാം.
ഐപിഎല്ലിന്റെ 16-ാം സീസൺ ഫൈനലിസ്റ്റുകളെ നാളെ അറിയാം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഫൈനലിലെത്തിയിരുന്നു. എലിമിനേറ്റർ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ മറികടന്നാണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. തുടർച്ചയായ രണ്ടാം ഫൈനലും കിരീടവും ലക്ഷ്യമിടുന്ന ഗുജറാത്തും ആറാം ഐപിഎൽ കിരീടം നേടാനുറച്ച് മുംബൈയും ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന കാര്യം ഉറപ്പാണ്.
ALSO READ: വിരമിക്കുമോ എന്ന് ഹർഷ ഭോഗ്ലെ; ചെപ്പോക്കിലെ കാണികൾക്ക് മുന്നിൽ മനസ് തുറന്ന് ധോണി
പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടാം. അതിൽ പരാജയപ്പെട്ടാലും ഒരു അവസരം കൂടി ലഭിക്കും എന്നതാണ് സവിശേഷത. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തുകയും ചെയ്യും. ഫൈനലിൽ എത്തുന്ന ടീമിന് പരിശീലനം നടത്താനും തന്ത്രങ്ങൾ മെനയാനും ആവശ്യത്തിന് സമയം ലഭിക്കുമെന്നിരിക്കെ നാളത്തെ മത്സരത്തിൽ ഇരുടീമുകളുടെയും പ്രകടനത്തിനായി ഉറ്റുനോക്കുന്നത് ധോണിയും സംഘവുമായിരിക്കും.
ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ മുംബൈയ്ക്കാണ് മേൽക്കൈ. ഇതുവരെ 3 തവണ ഏറ്റുമുട്ടിയതിൽ 2 തവണയും മുംബൈയാണ് വിജയിച്ചത്. ഈ സീസണിൽ ഇതിന് മുമ്പ് മുംബൈയും ഗുജറാത്തും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനായിരുന്നു ജയം. എന്നാൽ, പ്ലേ ഓഫ് മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യൻസ് എന്നതാണ് ഹാർദ്ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും തലവേദനയാകുന്നത്.
രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ തുടങ്ങി പ്രതിഭാധനരായ ഒരുപിടി താരങ്ങളാണ് മുംബൈയുടെ കരുത്ത്. ജസ്പ്രീത് ബുംറ, ജോഫ്ര ആർച്ചർ എന്നിവർ പരിക്കേറ്റ് പുറത്തുപോയ മുംബൈടെ ബൌളിംഗ് നിരയെ ജേസൺ ബെഹ്റൻഡോർഫ്, പീയുഷ് ചൗള എന്നിവരാണ് നയിച്ചത്. ആകാശ് മധ്വാൾ എന്ന യുവ പേസറാണ് ഇപ്പോൾ മുംബൈയുടെ വജ്രായുധം. ലക്‌നൗവിനെതിരായ നിർണായക എലിമിനേറ്റർ മത്സരത്തിൽ 3.3 ഓവറിൽ വെറും 5 റൺസ് വഴങ്ങിയ മെധ്വാൾ 5 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഡേവിഡ് മില്ലർ, വിജയ് ശങ്കർ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരിലാണ് ഗുജറാത്ത് പ്രതീക്ഷ അർപ്പിക്കുന്നത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും നാശം വിതയ്ക്കാൻ കെൽപ്പുള്ള റാഷിദ് ഖാൻ തന്നെയാണ് ഗുജറാത്തിൻ്റെ വജ്രായുധം. പേസ് ആക്രമണത്തെ മികച്ച രീതിയിൽ നയിക്കുന്ന മുഹമ്മദ് ഷാമി എത്ര പേരുകേട്ട ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള താരമാണ്.
നരേന്ദ്ര മോദി സ്‌റ്റേഡിയം ബാറ്റ്‌സ്മാൻമാരുടെ പറുദീസയാണ്. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീം 12 തവണയും ചേസ് ചെയ്ത ടീം 13 തവണയും വിജയിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സ്‌റ്റേജിയത്തിൽ 8 മത്സരങ്ങളാണ് ഗുജറാത്ത് കളിച്ചിട്ടുള്ളത്. ഇതിൽ 5 തവണയും ഗുജറാത്താണ് വിജയിച്ചത്. മറുഭാഗത്ത്, ഇവിടെ 3 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള മുംബൈയ്ക്ക് ഒരു തവണ മാത്രമാണ് വിജയിക്കാനായത്.
സാധ്യതാ ടീം
ഗുജറാത്ത് സാധ്യതാ ടീം: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (WK), ഹാർദിക് പാണ്ഡ്യ (C), ദസുൻ ഷനക, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, ദർശൻ നൽകണ്ടെ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി
മുംബൈ ഇന്ത്യൻസ് സാധ്യതാ ടീം: രോഹിത് ശർമ്മ (C), ഇഷാൻ കിഷൻ (WK), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, തിലക് വർമ്മ, ക്രിസ് ജോർദാൻ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്റൻഡോർഫ്, ആകാശ് മധ്വാൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...