IPL 2023: വിരമിക്കുമോ എന്ന് ഹർഷ ഭോഗ്ലെ; ചെപ്പോക്കിലെ കാണികൾക്ക് മുന്നിൽ മനസ് തുറന്ന് ധോണി

Dhoni about retirement from IPL: വിരമിക്കൽ തീരുമാനമെടുക്കാൻ തനിയ്ക്ക് ഇനിയും 8-9 മാസം സമയമുണ്ടെന്നാണ് ധോണി പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : May 24, 2023, 02:21 PM IST
  • ഹർഷ ഭോഗ്ലെയാണ് ധോണിയോട് വിരമിക്കലിനെ സംബന്ധിച്ച ചോദ്യം ചോദിച്ചത്.
  • തീരുമാനം എടുക്കാൻ ഇനിയും 8-9 മാസം സമയമുണ്ടെന്ന് ധോണി പറഞ്ഞു.
  • അടുത്ത തവണയും ധോണിയെ മഞ്ഞ ജേഴ്‌സിയിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
IPL 2023: വിരമിക്കുമോ എന്ന് ഹർഷ ഭോഗ്ലെ; ചെപ്പോക്കിലെ കാണികൾക്ക് മുന്നിൽ മനസ് തുറന്ന് ധോണി

ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന ആരാധകരുടെ ആശങ്കയ്ക്ക് ഉത്തരം നൽകി ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണി. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതിന് പിന്നാലെ കമന്റേറ്റർ ഹർഷ ഭോഗ്ലെയാണ് ധോണിയോട് വിരമിക്കലിനെ സംബന്ധിച്ച ചോദ്യം ചോദിച്ചത്. ഇതിന് ധോണി നൽകിയ മറുപടി ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു. 

ധോണിയുടെ വാക്കുകൾ ഇങ്ങനെ

'എനിക്ക് അറിയില്ല, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ എനിക്ക് ഇനിയും 8-9 മാസം സമയമുണ്ട്. ഇപ്പോഴേ എന്തിനാണ് അനാവശ്യമായി തലവേദന ഉണ്ടാക്കുന്നത്. ഡിസംബറിലാണ് ലേലം നടക്കുക. ഞാന്‍ എന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഒപ്പമുണ്ടാകും. കളിക്കാരനായോ മറ്റെന്തിലുമായോ ആകാം. ജനുവരി മുതല്‍ ഞാന്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. മാര്‍ച്ച് മുതല്‍ പരിശീലനം നടത്തുന്നു. അതിനാല്‍ നമുക്ക് നോക്കാം'

ALSO READ: കണക്ക് തീര്‍ക്കാന്‍ മുംബൈ, ജയിച്ചു കയറാന്‍ ലക്‌നൗ; ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ പോരാട്ടം

ഇത്തവണത്തെ ഫൈനൽ തന്നെ സംബന്ധിച്ച് സാധാരണ ഫൈനൽ അല്ലെന്ന് ധോണി പറഞ്ഞു. കാരണം ഇത്തവണ 8ന് പകരം 10 ടീമുകളാണ് കിരീടത്തിനായി പൊരുതുന്നത്. കടുത്ത പോരാട്ടമാണ് നേരിടേണ്ടി വന്നത്. 2 മാസം നീണ്ട കഠിനമായ പ്രയത്‌നത്തിന്റെ ഫലമാണ് ഫൈനൽ പ്രവേശനം. എല്ലാ ടീം അംഗങ്ങളും അവരുടെ കർത്തവ്യം കൃത്യമായി നിർവഹിച്ചു. എല്ലാവരും സംഭവന ചെയ്തു. മധ്യനിരയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും അവരും ടീമിന്റെ പ്രകടനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ധോണി കൂട്ടിച്ചേർത്തു. 

താനൊരു ശല്യക്കാരനായ നായകനായിരിക്കാം എന്നാണ് ധോണി പറഞ്ഞത്. കാരണം പിച്ചിന്റെ സ്വഭാവവും സാഹചര്യങ്ങളും കാരണം എപ്പോഴും ഫീൽഡിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. ഇത് അരോചകമായി തോന്നിയേക്കാം. എന്നാൽ സ്വന്തം കഴിവിൽ വിശ്വാസമുണ്ടെന്നും അതിനാലാണ് ഫീൽഡർമാരോട് എപ്പോഴും തന്നെ ശ്രദ്ധിക്കണമെന്നും പറയാറുള്ളതെന്നും ധോണി വ്യക്തമാക്കി. 

ഐപിഎല്ലിൽ ധോണിയെന്ന ഇതിഹാസ നായകന്റെ കുതിപ്പ് തുടരുകയാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി ക്വാളിഫയറിലെത്തിയ ഗുജറാത്തിനെ 15 റൺസിന് തകർത്താണ് ചെന്നൈ ഫൈനലിലെത്തിയത്. ഇതോടെ 14 സീസണിൽ ചെന്നൈയെ നയിച്ച ധോണി 10 തവണയും തന്റെ ടീമിനെ ഫൈനലിൽ എത്തിച്ചു. ഐപിഎൽ ചരിത്രത്തിൽ മറ്റൊരു നായകനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണ് ധോണി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 

14 സീസണുകളിൽ 12 തവണയും ധോണി ചെന്നൈയെ പ്ലേ ഓഫിലേയ്ക്ക് നയിച്ചു. 16 സീസണുകളിൽ 10 തവണ പ്ലേ ഓഫിൽ എത്തിയ മുംബൈ ഇന്ത്യൻസാണ് ചെന്നൈയ്ക്ക് പിന്നിൽ രണ്ടാമത്. നാല് തവണ കിരീടം ഉയർത്താനും ധോണിയ്ക്ക് കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീം എന്ന വിശേഷണം ചെന്നൈയ്ക്ക് ലഭിച്ചതിൽ ഏറിയ പങ്കും ധോണിയ്ക്ക് അവകാശപ്പെട്ടതാണ്. 

ആദ്യ ക്വാളിഫയറിൽ ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വേഗം കുറഞ്ഞ പിച്ചിൽ ബാറ്റ്‌സ്മാൻമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ചയാണ് മത്സരത്തിലുട നീളം കാണാനായത്. അർദ്ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്വാദിന്റെ പ്രകടനമാണ് ചെന്നൈയും ഗുജറാത്തും തമ്മിലുണ്ടായ പ്രധാന വ്യത്യാസം. ചെന്നൈ മുന്നോട്ട് വെച്ച 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 157 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ ഗുജറാത്തിനെതിരെ ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് ചെന്നൈ ഒഴിവാക്കി. ഇതുവരെ 3 തവണയാണ് ചെന്നൈയും ​ഗുജറാത്തും ഏറ്റുമുട്ടിയിരുന്നത്. ഇതിൽ മൂന്നിലും വിജയിച്ചത് ​ഗുജറാത്തായിരുന്നു. ഏതായാലും അടുത്ത സീസണിലും തങ്ങളുടെ പ്രിയപ്പെട്ട നായകനെ മഞ്ഞ ജേഴ്‌സിയിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News