Arjun Tendulkar : അവസാനം `ദൈവപുത്രന്` അരങ്ങേറ്റം; കെകെആറിനെതിരെയുള്ള മുംബൈയുടെ പ്ലേയിങ് ഇലവനിൽ അർജുൻ ടെൻഡുൽക്കർ
Arjun Tendulkar IPL Debut : മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിട്ട് രണ്ട് വർഷത്തിന് ശേഷമാണ് അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്
മുംബൈ : ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ. സച്ചിൻ തന്റെ അവസാന രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ച മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് അർജുൻ തന്റെ ഐപിഎൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി മുംബൈയുടെ ഭാഗമായിരുന്ന അർജൻ ടെൻഡൽക്കർക്ക് തന്റെ മൂന്നാം സീസണിലാണ് മുംബൈ ജേഴ്സി അണിഞ്ഞ് കളത്തിൽ ഇറങ്ങാൻ സാധിച്ചത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ കെകെആറിനെതിരെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അരങ്ങേറ്റ മത്സരത്തിൽ ആദ്യ സ്പെൽ എറിഞ്ഞ ഇടം കൈയ്യൻ ബോളർ രണ്ട് ഓവറിൽ 17 റൺസ് വിട്ടുകൊടുത്തു. പക്ഷെ കന്നി മത്സരത്തിൽ തന്നെ വിക്കറ്റൊന്നും നേടാൻ താരപുത്രന് സാധിച്ചില്ല. രോഹിത് ശർമയുടെ അഭാവത്തിലാണ് മുംബൈ ഇന്ത്യൻസ് കെകെആറിനെതിരെ പന്തെറിയാൻ വാങ്കെഡെയിൽ ഇറങ്ങിയത്. അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് പ്ലെയറായി രോഹിത് ശർമ്മ ഇറങ്ങുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്.
ALSO READ : Sandeep Sharma : സഞ്ജു നൽകിയ കോൺഫിഡൻസ്; അതാണ് ധോണിക്കെതിരെ പ്രതിരോധിക്കാൻ സഹായിച്ചതെന്ന് സന്ദീപ് ശർമ്മ
വൺഡൗൺ താരം വെങ്കടേശ് അയ്യറുടെ സെഞ്ചുറി മികവിലാണ് കെകെആർ മുംബൈക്കെതിരെ 185 റൺസെടുത്തത്. 51 പന്തിൽ 104 റൺസെടുത്താണ് ഐയ്യർ തന്റെ സെഞ്ചുറി ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒമ്പത് സിക്സും ആറ് ഫോറും നേടിയാണ് ഇടം കൈയ്യൻ ബാറ്റർ തന്റെ കന്നി ഐപിൽ, ടി20 സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്. അയ്യർക്ക് പുറമെ കെകെആറിന്റെ ബാറ്റിങ്ങ് ലൈനപ്പിലെ മറ്റൊരു താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മുംബൈക്കായി ഹൃത്തിക്ക് ഷൊക്കീൻ രണ്ടും കാമറൂൺ ഗ്രീൻ, ഡുആൻ ജാൻസെൻ, പിയുഷ് ചൗള, റിലെ മെരെഡിത് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
അർജുന് ആശംസകളുമായി അച്ഛന്റെ സഹതാരങ്ങൾ
ഔദ്യോഗികമായി ഐപിഎൽ കരിയർ ആരംഭിച്ച അർജുൻ ടെൻഡുൽക്കർക്ക് ആശംസകൾ നേർന്ന് പിതാവ് സച്ചിൻ ടെൻഡുക്കർക്കൊപ്പം പാഡ് അണിഞ്ഞ സഹതാരങ്ങൾ. ഹർഭജൻ സിങ്, സൗരവ് ഗാംഗുലി, ഇർഫാൻ പത്താൻ തുടങ്ങിയ താരങ്ങളാണ് അർജുൻ മുംബൈയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടിയതിന് പിന്നാലെ സന്തോഷവും ആശംസകളും അറിയിച്ചത്.
ഐപിഎൽ 2021 താരലേലത്തിൽ 20 ലക്ഷം അടിസ്ഥാന തുകയ്ക്കാണ് ആദ്യമായി മുംബൈ ഇന്ത്യൻസ് സച്ചിന്റെ പുത്രനെ സ്വന്തമാക്കുന്നത്. തുടർന്ന് 2022 മെഗാ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് അർജുൻ ടെൻഡുൽക്കറെ വീണ്ടും തങ്ങളുടെ പാളയത്തിലേക്കെത്തിച്ചു. ശേഷം നിലവിലെ സീസണിൽ താരപുത്രനെ തങ്ങളുടെ ടീമിൽ തന്നെ നിലനിർത്തുകയായിരുന്നു മുംബൈ ഫ്രാഞ്ചൈസി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...