IPL 2023 : ഐപിഎല്ലിന് തൊട്ടുമുമ്പ് കെകെആറിന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് സീസൺ മുഴുവൻ നഷ്ടമാകും
KKR New Captain : ചുരുങ്ങിയ സമയം കൊണ്ട് ഐപിഎൽ 2023 നയിക്കാൻ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട സ്ഥിതിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്. കൂടാതെ ശ്രേയസ് അയ്യർക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരക്കിടെയാണ് ഇന്ത്യൻ ബാറ്റിങ് നിരയിലെ മധ്യനിര താരം ശ്രേയസ് അയ്യർക്ക് പരിക്കേൽക്കുന്നത്. പുറത്തേറ്റ പരിക്കിനെ തുടർന്ന് ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയ്ക്കെതിരെ നിലവിൽ പുരോഗമിക്കുന്ന ഏകദിന പരമ്പരയും ഐപിഎൽ 2023 സീസണിന്റെ ആദ്യപകുതി നഷ്ടമാകുമെന്നായിരുന്നു റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വലംകൈ ബാറ്റർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും നാല് മുതൽ അഞ്ച് മാസങ്ങൾ വരെ കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ്.
ഇതോടെ ഇന്ത്യൻ പ്രമീയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനും കൂടിയായ ശ്രേയസ് അയ്യർക്ക് ഐപിഎൽ 2023 സീസൺ മുഴുവനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകുമെന്നാണ് ടിഒഐയുടെ റിപ്പോർട്ടിൽ പറയുന്നത്. ക്യാപ്റ്റന്റെ അഭാവം കെകെആറിന് സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 12.25 കോടിക്കാണ് കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ കെകെആർ മുൻ ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കുന്നത്.
പുറത്തേറ്റ പരിക്കിൽ അയ്യരോട് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് നിർദേശിച്ചിരിക്കുന്നത്. ലണ്ടണിൽ വെച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കും. ഇന്ത്യയിലും ആ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമുണ്ട്. താരത്തിന് സമ്മതമാണെങ്കിലും ഇന്ത്യയിൽ വെച്ച് തന്നെ ശസ്ത്രക്രിയ നടത്തിയേക്കാം ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തു.
അതേസമയം അയ്യരുടെ അഭാവത്തിൽ ഐപിഎൽ 2023 സീസൺ നയിക്കാനുള്ള ചുമതല ആരെ ഏൽപ്പിക്കണമെന്ന് ഈ ചുരുങ്ങിയ സമയം കൊണ്ട് കെകെആറിന് കണ്ടെത്തേണ്ടിയിരിക്കുന്നു. നേരത്തെ 2020 സീസണിൽ ഡൽഹി ക്യാപിറ്റൽസ് നായകനായി നിൽക്കവെ അയ്യർ പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും മാറി നിന്നപ്പോഴാണ് ഡിസി ക്യാപ്റ്റൻസി ചുമതല റിഷഭ് പന്തിന് ഏൽപ്പിച്ചത്. പരിക്ക് മാറി താരം തിരികെ ഡൽഹി ടീമിൽ ചേർന്നെങ്കിലും പന്ത് ക്യാപ്റ്റനായി തന്നെ തുടരുകയായിരുന്നു.
കെകെആറിന് പിന്നാലെ ഇന്ത്യൻ ടീമിലും തിരിച്ചടിയാണ് അയ്യർക്കേറ്റ പരിക്ക് ഉണ്ടാക്കിയിരിക്കുന്നത്. ജൂൺ ഏഴിന് ഓവലിൽ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും അയ്യർക്ക് പങ്കെടുക്കാൻ സാധിക്കില്ല. അയ്യരുടെ സ്ഥാനത്ത് മധ്യനിരയിൽ ലോങ് ഫോർമാറ്റിൽ പരിചയ സമ്പന്നനായ മറ്റൊരു താരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർക്ക് കണ്ടെത്തേണ്ടി ഇരിക്കുന്നു. ഓസ്ട്രേലിയയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...