ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ഇന്ന് ജയിക്കുന്നവര്‍ക്ക് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താമെന്നിരിക്കെ വാശിയേറിയ പോരാട്ടമാകും നടക്കുക. ലക്‌നൗവിന്റെ ഹോം ഗ്രൗണ്ടായ ഏക്‌ന സ്‌റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബ് കിംഗ്‌സിനോട് അവസാന പന്തില്‍ അടിയറവ് പറഞ്ഞ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിലൂടെ വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. മറുഭാഗത്ത്, അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ലക്‌നൗ. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്നത്തെ മത്സരം കൂടി പരാജയപ്പെടുന്ന കാര്യം ലക്‌നൗവിന് ചിന്തിക്കാന്‍ പോലുമാകില്ല. അവസാന മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ നായകന്‍ കെ.എല്‍ രാഹുല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാഹുലിന്റെ അഭാവത്തില്‍ ക്രുനാല്‍ പാണ്ഡ്യയാകും ലക്‌നൗവിനെ നയിക്കുക. 


ALSO READ: തെവാത്തിയയുടെ സിക്സർ മാജിക്കും ഫലം കണ്ടില്ല; ​ഗുജറാത്തിനെ പിടിച്ചുകെട്ടി ഇഷാന്ത് ശർമ്മ


മികച്ച ബാറ്റിംഗ് നിരയുണ്ടെങ്കിലും പരിചയ സമ്പന്നരായ ബൗളര്‍മാര്‍ ഇല്ലാത്തതാണ് ചെന്നൈയ്ക്ക് തലവേദനയാകുന്നത്. 9 കളികളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയ തുഷാര്‍ ദേഷ്പാണ്ഡെ പക്ഷേ റണ്‍സ് വിട്ടുകൊടുക്കുന്നതിലും ഒരു പിശുക്കും കാണിക്കാറില്ല. ഈ സീസണില്‍ 11.07 ആണ് ദേഷ്പാണ്ഡെയുടെ ഇക്കണോമി റേറ്റ്. പവര്‍ പ്ലേയിലും അവസാന ഓവറുകളിലും ബൗളര്‍മാര്‍ വലിയ രീതിയില്‍ റണ്‍സ് വഴങ്ങുന്നത് പിടിച്ചുനിര്‍ത്താന്‍ ചെന്നൈയ്ക്ക് കഴിയുന്നില്ല. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ എന്നിവരിലാണ് ചെന്നൈയുടെ പ്രതീക്ഷ. ശിവം ദുബെയും ഫോമിലാണ്. ഗെയ്ക്വാദ് ഇന്ന് തന്റെ കരിയറിലെ 100-ാം ടി20 മത്സരത്തിനാണ് ഇറങ്ങുന്നത്. 


9 വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലക്‌നൗവും ചെന്നൈയും തമ്മില്‍ പ്ലേ ഓഫിലെത്താന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇരുടീമുകളും 5 വീതം മത്സരങ്ങളില്‍ വിജയിക്കുകയും 4 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. 10 പോയിന്റുകള്‍ വീതമുണ്ടെങ്കിലും റണ്‍ റേറ്റിന്റെ ആനുകൂല്യത്തിലാണ് ലക്‌നൗ (+0.639) ചെന്നൈയെ (+0.329) മറികടന്ന് മൂന്നാം സ്ഥാനത്ത് തുടരുന്നത്. 


ഏക്‌ന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിലാണ് ലക്‌നൗവിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 126 റണ്‍സ് പ്രതിരോധിച്ചത്. അന്ന് ഇവിടെ വീണ 16 വിക്കറ്റുകളില്‍ 10 എണ്ണവും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാകും ഇരു ടീമുകളുടെയും ശ്രമം. ഈ മത്സരത്തില്‍ പിച്ചിന് കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. 


ഐപിഎല്‍ 2023ല്‍ ഏക്‌ന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചുവടെ 


ഉയര്‍ന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍: 145


ഉയര്‍ന്ന രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍: 130


ആദ്യം ബാറ്റ് ചെയ്യുന്ന ടീം വിജയിച്ച മത്സരങ്ങള്‍ : 3


രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം വിജയിച്ച മത്സരങ്ങള്‍ : 2


സാധ്യതാ ടീം


ലക്‌നൗ സൂപ്പര്‍ ജയന്റ്സ്: കെ എല്‍ രാഹുല്‍ (C), കൈല്‍ മേയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍ (WK), കൃഷ്ണപ്പ ഗൗതം, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, അമിത് മിശ്ര, യാഷ് താക്കൂര്‍, ആയുഷ് ബഡോണി


ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഋതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി (C & WK), മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, ആകാശ് സിംഗ് 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.