ഐപിഎല്ലിന്റെ 16-ാം സീസണിലെ കലാശപ്പോരാട്ടം നാളെ. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് നാല് തവണ കപ്പടിച്ച ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ഗുജറാത്തിന്റെ സ്വന്തം തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് ആവേശപ്പോരാട്ടം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം കാണികളുടെ മുന്നിൽ ഫൈനലിന് ഇറങ്ങുന്നതിന്റെ ആനുകൂല്യം ഗുജറാത്തിന് ലഭിക്കുമെന്ന് പറയാൻ കഴിയില്ല എന്നത് തന്നെയാണ് ഇത്തവണത്തെ ഫൈനലിന്റെ പ്രത്യേകത. ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് കാരണം. ഈ സീസണിലെ ചെന്നൈയുടെ ഏത് എവേ മത്സരം പരിശോധിച്ചാലും ഹോം ടീമിന് ലഭിക്കുന്നതോ അതിലുപരിയോ പിന്തുണ ചെന്നൈയ്ക്ക് ലഭിച്ചതായി കാണാം. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മറ്റ് ടീമുകളുടെ നായകൻമാർ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. അടുത്ത സീസണിൽ ധോണി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ നാളത്തെ മത്സരത്തിന് ധോണിയുടെയും ചെന്നൈയുടെയും പതിനായിരക്കണക്കിന് ആരാധകർ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേയ്ക്ക് ഒഴുകി എത്തുമെന്ന് ഉറപ്പാണ്. 


ALSO READ: 13 കോടിയോ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനതുക പ്രഖ്യാപിച്ച് ഐസിസി


തുടർച്ചയായ രണ്ടാം തവണയും കപ്പുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് ഇറങ്ങുക. കളിച്ച രണ്ട് സീസണുകളിലും ഫൈനലിലെത്തിയതിന് പുറമെ കിരീടം ചൂടുക എന്ന റെക്കോർഡിലേയ്ക്കാണ് പാണ്ഡ്യയും സംഘവും നടന്നടുക്കുന്നത്. നിലവിൽ മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം തുടർച്ചയായി രണ്ട് ഫൈനലുകൾ കളിക്കുക എന്ന റെക്കോർഡ് ഗുജറാത്ത് സ്വന്തമാക്കി കഴിഞ്ഞു. മറുഭാഗത്ത്, ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്താനുള്ള മികച്ച അവസരമാണ് ധോണിയ്ക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്. ഒന്നാം ക്വാളിഫയറിൽ ചെന്നൈയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞതിന്റെ കണക്ക് തീർക്കാൻ ​ഗുജറാത്തിനും അവസരമുണ്ട്. 


ഫൈനലിൽ എല്ലാ കണ്ണുകളും ധോണിയിലേയ്ക്കും ശുഭ്മാൻ ഗില്ലിലേയ്ക്കുമായിരിക്കും. ഇതിനോടകം തന്നെ 16 ഇന്നിംഗ്‌സുകളിൽ നിന്ന് 851 റൺസുമായി ശുഭ്മാൻ ഗിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കി കഴിഞ്ഞു. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരങ്ങളിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം വിരാട് കോഹ്ലിയാണ്. 2016 സീസണിൽ 973 റൺസാണ് കോഹ്ലി അടിച്ചു കൂട്ടിയത്. നാളെ ചെന്നൈയ്ക്ക് എതിരെ 123 റൺസ് കൂടി നേടിയാൽ വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാകും. കഴിഞ്ഞ ദിവസം മുംബൈയ്ക്ക് എതിരെ നടന്ന രണ്ടാം ക്വാളിഫയറിൽ സെഞ്ച്വറി നേടിയ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്തിന്റെ പ്രകടനത്തിൽ നിർണായകമായത്. 60 പന്തിൽ 10 സിക്‌സറുകളും 7 ബൗണ്ടറികളും പറത്തിയ ഗിൽ 129 റൺസ് നേടിയിരുന്നു. 


6 മണിയ്ക്ക് സമാപന ചടങ്ങുകളോടെയാണ് ഫൈനൽ മത്സരത്തിന് തുടക്കമാകുക. 6 മണിയ്ക്കാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക. ഇതിനാൽ 7.30ന് നടക്കേണ്ട മത്സരം 30 മിനിട്ടെങ്കിലും വൈകി 8 മണിയ്ക്ക് ആരംഭിക്കാനാണ് സാധ്യത. 


സാധ്യതാ ടീം


​ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ടീം : വൃദ്ധിമാൻ സാഹ (WK), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (C), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.


ചെന്നൈ സൂപ്പ‍ർ കിം​ഗ്സ് സാധ്യതാ ടീം : റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (C & WK), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.