ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്താൻ മുംബൈയ്ക്ക് ഇന്ന് വിജയിച്ചേ തീരൂ. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദ് ഇന്ന് ജയത്തോടെ മടങ്ങാനാകും ശ്രമിക്കുക. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബാറ്റ്‌സ്മാൻമാരുടെ തകർപ്പൻ ഫോമിലാണ് മുംബൈയുടെ പ്രതീക്ഷ. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, നഹാൽ വധേര തുടങ്ങിയവർ അവസാന മത്സരങ്ങളിൽ പുറത്തെടുത്തതിന് സമാനമായ പ്രകടനം കാഴ്ചവെച്ചാൽ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമാകില്ല. എന്നാൽ, നായകൻ രോഹിത് ശർമ്മയുടെ മോശം ഫോമും ബൗളർമാരുടെ സ്ഥിരതയില്ലാത്ത പ്രകടനവുമാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. പരിക്ക് കാരണം അവസാന നാല് മത്സരങ്ങളും നഷ്ടമായ തിലക് വർമ്മ ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 


ALSO READ: ജീവൻ മരണപ്പോരാട്ടത്തിന് ബെംഗളൂരു, എതിരാളികൾ ഗുജറാത്ത്; മഴ വില്ലനായേക്കും


മറുഭാഗത്ത്, ഈ സീസണിൽ വളരെ മോശം പ്രകടനം കാഴ്ച വെച്ച ടീമുകളിൽ ഒന്നാണ് ഹൈദരാബാദ്. ചില വ്യക്തിഗത പ്രകടനങ്ങൾ ഒഴിച്ച് നിർത്തിയാൽ ഈ സീസണിൽ ഹൈദരാബാദിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിലവിൽ 13 മത്സരങ്ങളിൽ വെറും 4 വിജയങ്ങൾ മാത്രം സ്വന്തമായുള്ള ഹൈദരാബാദ് 8 പോയിന്റുമായി അവസാന സ്ഥാനത്താണ്. പേസർ ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നത് എന്തുകൊണ്ടാണെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 


ബാറ്റ്‌സ്മാൻമാരെ അതിരില്ലാതെ സഹായിക്കുന്ന പിച്ചാണ് വാങ്കഡെയിലേത്. ഗ്രൗണ്ടിലെ ഫാസ്റ്റ് ഔട്ട്ഫീൽഡ് റണ്ണൊഴുക്കിന് കാരണമാകും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ശരാശരി 169 റൺസ് സ്‌കോർ ചെയ്യാറുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പേസർമാർക്ക് മികച്ച ബൗൺസ് കണ്ടെത്താനും കഴിയുമെന്നതാണ് വാങ്കഡെയിലെ പിച്ചിന്റെ പ്രധാന സവിശേഷത. 


പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള മുംബൈയ്ക്ക് പ്ലേ ഓഫിലെത്താൻ ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രം പോരാ. രാത്രി നടക്കുന്ന ഗുജറാത്ത്-ബെംഗളൂരു മത്സര ഫലം കൂടി പരിഗണിച്ചാലേ മുംബൈയ്ക്ക് സാധ്യതയുള്ളൂ. ഹൈദരാബാദിനെ പരാജയപ്പെടുത്തുകയും ഗുജറാത്തിനോട് ബെംഗളൂരു പരാജയപ്പെടുകയും ചെയ്താൽ മുംബൈയ്ക്ക് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിന് യോഗ്യത നേടാം. ബെംഗളൂരു ഗുജറാത്തിനെ പരാജയപ്പെടുത്തുകയാണെങ്കിൽ മുംബൈയ്ക്ക് 80 റൺസിനെങ്കിലും ഹൈദരാബാദിനെ തോൽപ്പിച്ചാലേ റൺ റേറ്റിൽ ബെംഗളൂരുവിനെ മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കൂ. ഇന്ന് മുംബൈ തോറ്റാല്‍ അവസാന മത്സരമായ ബെം​ഗളൂരു-ഗുജറാത്ത് പോരാട്ടത്തിനായി മുംബൈയ്ക്കൊപ്പം രാജസ്ഥാൻ ആരാധക‍ർക്കും കാത്തിരിക്കാം. 


ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ മുംബൈയ്ക്കാണ് നേരിയ മേൽക്കൈ. ഇതുവരെ 20 തവണയാണ് മുംബൈയും ഹൈദരാബാദും നേർക്കുനേർ വന്നത്. ഇതിൽ 11 മത്സരങ്ങളിൽ മുംബൈയും 9 തവണ ഹൈദരാബാദും വിജയിച്ചു. 


സാധ്യതാ ടീം 


മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ (C), ഇഷാൻ കിഷൻ (WK), സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, തിലക് വർമ്മ / വിഷ്ണു വിനോദ്, ടിം ഡേവിഡ്, നെഹാൽ വധേര, ജേസൺ ബെഹ്റൻഡോർഫ്, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ക്രിസ് ജോർദാൻ.


സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം (c), ഹെന്റിച്ച് ക്ലാസൻ (WK), ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്സ് / മായങ്ക് അഗർവാൾ, അബ്ദുൾ സമദ്, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസൻ / മായങ്ക് ദാഗർ, ടി നടരാജൻ, നിതീഷ് റെഡ്ഡി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.