IPL 2023: ജയിച്ചു തുടങ്ങാൻ പഞ്ചാബ്, തകർത്തടിക്കാൻ കൊൽക്കത്ത; മൊഹാലിയിൽ ഇന്ന് ആവേശപ്പോരാട്ടം
PBKS vs KKR: പഞ്ചാബ് കിംഗ്സിലെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെയും പ്രധാന താരങ്ങൾ പരിക്കിൻ്റെ പിടിയിലാണ്.
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. ഹോം ഗ്രൌണ്ടിൻ്റെ ആനുകൂല്യം പരമാവധി മുതലെടുത്ത് ജയത്തോടെ തുടങ്ങാൻ പഞ്ചാബും എതിരാളികളുടെ തട്ടകത്തിൽ തകർത്തടിക്കാൻ കൊൽക്കത്തയും കച്ചമുറുക്കുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പഞ്ചാബ് കിംഗ്‌സിനെ പുതിയ ക്യാപ്റ്റൻ ശിഖർ ധവാൻ നയിക്കുമ്പോൾ കൊൽക്കത്തയെ നയിക്കുക നിതീഷ് റാണയാണ്. രണ്ട് ടീമുകളിലെയും പ്രധാന താരങ്ങൾ പരിക്കിൻ്റെ പിടിയിലാണ്. കൊൽക്കത്തയുടെ നായകൻ ശ്രേയസ് അയ്യരും പഞ്ചാബിൻ്റെ സൂപ്പർ താരം ജോണി ബെയർസ്റ്റോയും ഈ സീസണിൽ ഉണ്ടാകില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബെയർസ്റ്റോയ്ക്ക് കാലിന് പരിക്കേറ്റത്. 2022ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഗോൾഫ് കളിക്കുന്നതിനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു. ഇതിന് ശേഷം ബെയർസ്റ്റോ കളിക്കളത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ല.
ALSO READ: ധോണിക്ക് കാൽമുട്ടിന് പരിക്ക്? ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകുമോ? കോച്ച് പറയുന്നത് ഇങ്ങനെ
പരിക്ക് ഭേദമായെങ്കിലും ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടി വരുന്നതിനാൽ ഐപിഎല്ലിൽ പങ്കെടുക്കാൻ ബെയർസ്റ്റോയ്ക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയില്ല. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയിലും ഏകദിന ലോകകപ്പിലും ബെയർസ്റ്റോയുടെ ഫിറ്റ്നസ് നിർണായകമാകുമെന്ന വിലയിരുത്തലിലാണ് ഐപിഎല്ലിൽ പങ്കെടുക്കാൻ താരത്തിന് ഇസിബി ക്ലിയറൻസ് നൽകാതിരുന്നത്. കഴിഞ്ഞ വർഷത്തെ ഐപിൽ താര ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് ജോണി ബെയ്ർസ്റ്റോയെ സ്വന്തമാക്കിയത്.
ഇന്നത്തെ മത്സരത്തിൽ ഓൾ റൗണ്ടർ ശാർദുൽ താക്കൂർ കൊൽക്കത്തയിൽ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടി താക്കൂർ മുമ്പ് കളിച്ചിട്ടുണ്ട്. സിംബാബ്‌വെ താരം സിക്കന്ദർ റാസയും ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കും. ഇംഗ്ലണ്ടിന്റെ സ്റ്റാർ ഓൾ റൗണ്ടറും ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനുമായ സാം കറൻ ആദ്യ മത്സരത്തിൽ തന്നെ പഞ്ചാബിന് വേണ്ടി കളത്തിലിറങ്ങും.
പഞ്ചാബ് സാധ്യതാ 11: ശിഖർ ധവാൻ, പ്രബ്സിമ്രാൻ സിംഗ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കറൻ, സിക്കന്ദർ റാസ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, നഥാൻ എല്ലിസ്, രാഹുൽ ചാഹർ
കൊൽക്കത്ത സാധ്യതാ 11: വെങ്കിടേഷ് അയ്യർ, എൻ ജദ്ഗദീശൻ, നിതീഷ് റാണ, മൻദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ശാർദുൽ താക്കൂർ, ചകരവർത്തി, വൈഭവ് അറോറ
പഞ്ചാബ് കളത്തിലിറക്കാൻ സാധ്യതയുള്ള ഇംപാക്ട് പ്ലെയർ: ഋഷി ധവാൻ
കൊൽക്കത്ത കളത്തിലിറക്കാൻ സാധ്യതയുള്ള ഇംപാക്ട് പ്ലെയർ: ഡേവിഡ് വീസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...