IPL 2023: സഞ്ജു ഇന്ന് വീണ്ടും കളത്തിൽ; എതിരാളികൾ പഞ്ചാബ് കിംഗ്‌സ്
RR vs PBKS: ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ പഞ്ചാബ് കിംഗ്സിൽ തിരിച്ചെത്തും.
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ വിജയിച്ചതിൻറെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഗുവാഹത്തിയിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ ഐപിഎല്ലിലേയ്ക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന ഡൽഹി ക്യാപിറ്റൽസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പങ്കെടുത്തിരുന്നു. പേസർ കഗിസോ റബാഡ തിരിച്ചെത്തുന്നതിൻറെ ആശ്വാസത്തിലാണ് പഞ്ചാബ് ക്യാമ്പ്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് വെറും 17.65 ശരാശരിയിൽ 23 വിക്കറ്റുകളാണ് റബാഡ നേടിയത്. ഐപിഎല്ലിൽ ഇതുവരെ 63 മത്സരങ്ങളിൽ നിന്ന് 99 വിക്കറ്റുകളാണ് റബാഡ സ്വന്തമാക്കിയത്. ഇന്നത്തെ മത്സരത്തിൽ തന്നെ 100 തികയ്ക്കാനാകും റബാഡയുടെ ശ്രമം. റബാഡയ്ക്ക് ഒപ്പം പേസർ അർഷ്ദീപ് സിംഗ് പഞ്ചാബ് ബൌളിംഗ് ആക്രമണത്തിന് കരുത്തേകും.
ALSO READ: ഗുജറാത്തിന് രണ്ടാം ജയം; ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു
നഥാൻ എല്ലിസിന് പകരക്കാരനായാണ് റബാഡ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതുവരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഓൾ റൗണ്ടർ ലിയാം ലിവിംഗ്‌സ്റ്റണിന്റെ സേവനം പഞ്ചാബ് കിംഗ്സിന് നഷ്‌ടമാകും. മറുഭാഗത്ത്, ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജുവിന് കീഴിൽ രാജസ്ഥാൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 72 റൺസിനാണ് രാജസ്ഥാൻ വിജയിച്ചത്. ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ കളത്തിലിറക്കിയ അതേ ടീമിനെ തന്നെ രാജസ്ഥാൻ നിലനിർത്തിയേക്കും.
റോയൽസിൻറെ വെസ്റ്റ് ഇൻഡീസ് പേസർ ഒബെദ് മക്കോയ് ഇതുവരെ പരിക്കിൽ നിന്ന് മുക്തനായിട്ടില്ല. ട്രെൻഡ് ബോൾട്ടിനെ ഒഴിച്ചു നിർത്തിയാൽ മികച്ച പേസർമാരുടെ അഭാവമാണ് രാജസ്ഥാനെ വലയ്ക്കുന്നത്. എന്നാൽ സ്പിൻ ജോഡികളായ ആർ. അശ്വിനും യുസ്വേന്ദ്ര ചാഹലും മികച്ച ഫോമിലാണ്.
സാധ്യതാ ടീം
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (c, wk), ദേവ്ദത്ത് പടിക്കൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ജേസൺ ഹോൾഡർ, ആർ. അശ്വിൻ, ട്രെൻഡ് ബോൾട്ട്, കെ.എം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ
പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാൻ സിംഗ്, ശിഖർ ധവാൻ (c), ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ (wk), സിക്കന്ദർ റാസ, സാം കുറാൻ, എം ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്, കാഗിസോ റബാഡ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...