ലക്നൌ സൂപ്പർ ജയൻറ്സിനെതിരായ മത്സരിൽ രാജസ്ഥാൻ റോയൽസ്  പരാജയപ്പെടാനുണ്ടായ പ്രധാന കാരണം ചൂണ്ടിക്കാട്ടി മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക്. താരതമ്യേന ചെറിയ സ്കോറായ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്നിട്ടും 10 റൺസിന് രാജസ്ഥാൻ അടിയറവ് പറയുകയായിരുന്നു. ഒരു ട്രിക്ക് മിസ്സായതാണ് തോൽവിക്ക് കാരണമെന്ന് പൊള്ളോക്ക് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിയാൻ പരാഗിന് മുമ്പ് ധ്രുവ് ജുറേലിനെ രാജസ്ഥാൻ കളത്തിലിറക്കണമായിരുന്നു എന്നാണ് പൊള്ളോക്ക് പറഞ്ഞത്. ഈ സീസണിൽ പരാഗിന് ബാറ്റ് കൊണ്ട് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ പരാഗിനെ ഫോമിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിന് പകരം അവസാന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ജുറേലിനെ ക്രീസിലേയ്ക്ക് അയക്കണമായിരുന്നുവെന്നും ക്രിക്ക് ബസിൻറെ ഷോയിൽ പൊള്ളോക്ക് വ്യക്തമാക്കി. 


ALSO READ: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ബെംഗളൂരു പോര്; കോഹ്ലിയും ധവാനും നേർക്കുനേർ


മത്സര ഫലത്തിന് ഏറെ പ്രാധാന്യമുള്ള മത്സരത്തിൽ രാജസ്ഥാൻറെ തീരുമാനം പിഴച്ചെന്നാണ് പൊള്ളോക്കിൻറെ വിലയിരുത്തൽ. പന്തിനെ നന്നായി സ്ട്രൈക്ക് ചെയ്യാൻ സാധിക്കുന്ന ജുറേലിനെ പരാഗിനേക്കാൾ മുമ്പ് കളത്തിലിറക്കണമായിരുന്നു. നിർണായക സമയത്ത് പരാഗിനെ ബാറ്റിംഗിന് അയച്ചത് ശരിക്കും സർപ്രൈസായിരുന്നുവെന്നും ഷോൺ പൊള്ളോക്ക് കൂട്ടിച്ചേർത്തു. റിയാൻ പരാഗിന് പകരം രവിചന്ദ്രൻ അശ്വിനും മികച്ച ഓപ്ഷനായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും അഭിപ്രായപ്പെട്ടു. 


ലക്നൌവിനെതിരെ ആറാമതായാണ് പരാഗ് കളത്തിലിറങ്ങിയത്. അതിവേഗം സ്കോർ കണ്ടെത്തേണ്ട സമയത്ത് സിംഗിളുകളും ഡോട്ട് ബോളുകളുമാണ് പരാഗിൽ നിന്ന് ലഭിച്ചത്. നേരിട്ട ആദ്യ 8 പന്തുകളിൽ നിന്ന് വെറും 4 റൺസ് മാത്രമാണ് പരാഗിന് നേടാനായത്. 19-ാം ഓവറിൽ ഒരു ബൌണ്ടറിയും അവസാന ഓവറിൽ ഒരു സിക്സറും നേടാൻ പരാഗിന് കഴിഞ്ഞെങ്കിലും മത്സരം അപ്പോഴേയ്ക്ക് കൈവിട്ടു പോയിരുന്നു. മത്സരം അവസാനിക്കുമ്പോൾ 12 പന്തിൽ 15 റൺസുമായി പരാഗ് ക്രീസിലുണ്ടായിരുന്നു. ടീമിനെ വിജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനാണ് പരാഗ് ശ്രമിച്ചതെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. 


ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ ലക്നൌവിനെ 7ന് 154 എന്ന സ്കോറിൽ പിടിച്ചുനിർത്തിയിരുന്നു. ട്രെൻഡ് ബോൾട്ടും രവിചന്ദ്രൻ അശ്വിനും ഉൾപ്പെടുന്ന ബൌളിംഗ് നിര ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, മറുപടി ബാറ്റിംഗിൽ ജോസ് ബട്ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ താരങ്ങൾക്കൊന്നും തിളങ്ങാൻ കഴിഞ്ഞില്ല. 35 പന്തിൽ 44 റൺസ് നേടിയ യശസ്വി ജയ്സ്വാളായിരുന്നു രാജസ്ഥാൻറെ ടോപ് സ്കോറർ. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറിന് ശ്രമിച്ച ധ്രുവ് ജുറേലിനെ ബൌണ്ടറി ലൈനിന് അരികിൽ നിന്ന് ദീപക് ഹൂഡ പിടികൂടുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.