ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ക്രിക്കറ്റില്‍ നിന്നും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 35ാം വയസ്സിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 29 ടെസ്റ്റ് മത്സരങ്ങളും 120 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും പഠാൻ കളിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 19ാം വയസ്സിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു താരത്തിന്‍റെ  അരങ്ങേറ്റം.തന്‍റെ ബൗളിങ്ങില്‍ സ്വിങ് ബോളിലൂടെ എതിരാളികളെ വിറപ്പിച്ച പഠാൻ 301 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.പലപ്പോഴും പ്രഗല്‍ഭരായ പല ബാറ്റ്സ്മാന്‍മാരും പഠാന്‍റെ സ്വിങ് ബോളിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്.ആ സ്വിങ് ബോളുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സമ്മാനിച്ചത്  ടി20 ലോകകപ്പ് അടക്കം നിരവധി വിജയങ്ങളാണ്.


2003 ഡിസംബറിൽ ടെസ്റ്റിലും 2004 ജനുവരിയിൽ ഏകദിനത്തിലും പഠാൻ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഓസീസ് ഓപ്പണർ മാത്യു ഹെയ്ഡനായിരുന്നു പഠാൻെറ ആദ്യ വിക്കറ്റ്. ആദ്യത്തെ പരമ്പരയോടെ തന്നെ പഠാൻ പിന്നീട് ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമായി മാറി.


ഏകദിനത്തില്‍ 23.39 ബാറ്റിംഗ് ശരാശരിയില്‍ 1544 റണ്‍സും ടെസ്റ്റില്‍ 31 ന് മുകളില്‍ ശരാശരിയില്‍ 1105 റണ്‍സും താരം സ്വന്തമാക്കി.പാകിസ്ഥാനെതിരെ കറാച്ചി ടെസ്റ്റിൽ ഹാട്രിക് നേടിയതും 2007 ടി20 ലോകകപ്പ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ച വെച്ചതുമെല്ലാം പഠാന്‍റെ കരിയറിലെ മിന്നുന്ന നേട്ടങ്ങളാണ്.2006 ല്‍ പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റില്‍ സല്‍മാന്‍ ബട്ട്,യുനിസ് ഖാന്‍,മുഹമ്മദ്‌ യുസുഫ് എന്നിവരെ പുറത്താക്കിയാണ് പഠാന്‍ ഹാട്രിക്ക് സ്വന്തമാക്കിയത്.


2007  ടി20 ലോകകപ്പ്  ഫൈനലിൽ  പാക്കിസ്ഥാനെതിരെ ഫൈനലില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് പഠാൻ സ്വന്തമാക്കിയത് . ഇന്ത്യൻ ടീം കണ്ട മികച്ച ഓൾറൗണ്ട‍ർമാരിൽ ഒരാളാണ് പഠാൻ. മൂന്നാം നമ്പറിലും ഓപ്പണറായും വരെ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്.അഭ്യന്തര ക്രിക്കറ്റില്‍ ബറോഡയില്‍ തുടങ്ങിയ പഠാൻ പിന്നീട് ജമ്മു കശ്മീര്‍ ടീമിനൊപ്പം ചേര്‍ന്നു.2012 ഒക്ടോബറില്‍ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ച  പഠാൻ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യന്‍ ടീമിന് പുറത്താണ്.ഒരു സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്ത തത്സമയ പരിപാടിയിലാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.