ISL 2021-22 | പത്ത് പേരായി ചുരുങ്ങിട്ടും ബ്ലാസ്റ്റേഴ്സിനെ ഒന്നും ചെയ്യാനാകാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
മുന്നേറ്റ താരങ്ങളായ പെരേര ഡയസും അൽവാരോ വസ്കസുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയത്.
ഗോവ : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) വീണ്ടും വിജയപാതയിൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് കോവിഡിനെയും ബെംഗളൂരു എഫ്സിക്കെതിരെയുള്ള തോൽവിയിലൂടെ നഷ്ടമായ ടീമിന്റെ ആത്മവിശ്വാസത്തെ തിരികെ പിടിച്ചത്.
എഴുപതാം മിനിറ്റിൽ പത്ത് പേരായി ചുരുങ്ങിട്ടും കേരളത്തെ ഒരു നിമിഷം പോലും വിറപ്പിക്കാനാകാതെയാണ് നോർത്ത് ഈസ്റ്റ് കളം വിട്ടത്. മുന്നേറ്റ താരങ്ങളായ പെരേര ഡയസും അൽവാരോ വസ്കസുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കവെയാണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേട്ടം.
ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റിന്റെ ആക്രമണമായിരുന്നെങ്കിലും എല്ലാം കേരളത്തിന്റെ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. അവസാനം നേടിയ ഗോൾ മാത്രമായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഏക ഷോട്ട് ഓൺ ടാർഗറ്റ്.
തുടർന്ന് രണ്ടാം പകുതിയുടെ മുഴുവൻ കൺട്രോളും കേരളം ഏറ്റെടുക്കുകയായിരുന്നു. തുടരെ തുടരെ കേരളത്തിന്റെ ആക്രമണം ഹൈലാൻഡേഴ്സിന്റെ ബോക്സിലേക്കെത്തി. 62-ാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്ന് നിശു കുമാറിന്റെ ക്രോസ് സ്വീകരിച്ച് ഹർമൻജോട്ട് ഖബ്ര ഹെഡ്ഡറിലൂടെ കൃത്യമായി ഡയസിനെ എത്തിച്ച് നൽകി. അത് മറ്റൊരു ഹെഡ്ഡറിലൂടെ ഡയസ് കേരളത്തിന്റെ ആദ്യ ഗോളാക്കി മാറ്റി. പൊസിഷൻ തെറ്റി നിന്ന് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ സൂബാഷിഷ് റോയി ചൗധരിക്ക് ഡയസിന്റെ ഹെഡ്ഡർ തട്ടിയകറ്റാനും സാധിച്ചില്ല.
തുടർന്ന് ലീഡ് ഉയർത്താനുള്ള കേരളത്തിന്റെ ശ്രമത്തിനിടെയാണ് മധ്യനിര താരം ആയുഷ് അധികാരി ചുവപ്പ് കാർഡ് കണ്ട് 70-ാം മിനിറ്റിൽ പുറത്താകുന്നത്. എന്നാൽ ഫൗൾ പോലും അല്ലാതിരുന്ന അധികാരിയുടെ ടാക്കിള്ളിനെയാണ് റഫറി രണ്ടാമത് മഞ്ഞ് കാർഡ് കാട്ടി കേരളത്തിന്റെ മധ്യനിര താരത്തെ പുറത്താക്കിയത്.
പത്ത് പേരായി കേരളം ചുരുങ്ങിയപ്പോൾ മത്സരത്തിന്റെ ബാക്കിയുള്ള 20 മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് നോർത്ത് ഈസ്റ്റിന്റെ ആക്രമണമായിരിക്കും എന്ന് കരുതിയവർക്ക് തെറ്റി. എന്നാൽ അക്ഷരാർഥത്തിൽ കേരളം തങ്ങളുടെ ആക്രമണം തുടരുകയായിരുന്നു. അങ്ങനെ 82-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരത്തിന്റെ പിഴവിൽ ബോൾ പിടിച്ചെടുത്ത അൽവാരോ വാസ്ക്വസ് മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന തുടുത്ത് വിട്ട് ഷോട്ട് ഹൈലാൻഡേഴ്സിന്റെ ഗോൾ വലയെ ഒരുപ്രാവിശ്യം കൂടി കുലുക്കി. ഏകദേശം 52 മീറ്റർ ദൂരത്ത് നിന്നായിരുന്നു വാസ്ക്വസിന്റെ ഗോൾ നേട്ടം.
ശേഷം ജയം ഉറപ്പിച്ച് കേരളം ഒന്ന് രണ്ട് ആക്രമണങ്ങൾ നോർത്ത് ഈസ്റ്റിന്റെ ബോക്സിലേക്ക് നടത്തിയെങ്കിലും അവ ഒന്ന് ഫലം കണ്ടില്ല. മത്സരം അവസാനിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കവെ വിജയം ബ്ലാസ്റ്റേഴ്സ് 100 ശതമാനം ഉറപ്പിച്ച് നിൽക്കുമ്പോഴാണ് മുഹമ്മദ് ഇർഷാദിലൂടെ നോർത്ത് ഈസ്റ്റ് ആശ്വാസ ഗോൾ കണ്ടെത്തുന്നത്.
ജയത്തോടെ കേരളം പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 13 കളിയിൽ നിന്ന് ആറ് ജയവും 5 സമനിലയുമായി 23 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് 2-ാം സ്ഥാനത്തെത്തിയരിക്കുന്നത്. ഫെബ്രുവരി 10ന് ജംഷെഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.