ISL : ലൂണയുടെ ചിറകിലേറി ബ്ലാസ്റ്റേഴ്സിന്റെ തിരച്ചുവരവ്; പ്ലേ ഓഫിന് ഇനി ഒരു ജയം മാത്രം മതി
ISL 2022-23 Kerala Blasters vs Chennayin FC : ഒന്നിനെതിരെ രണ്ട് ഗോൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ് സിയെ തോൽപ്പിച്ചത്
കൊച്ചി : മത്സരത്തിലും ടൂർണമെന്റിലും ബ്ലാസ്റ്റേഴ്സ് തിരിച്ചു വരുന്നതാണ് ഇന്ന് കലൂർ ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്. രണ്ടാം മിനിറ്റൽ ഗോൾ വഴങ്ങിയെങ്കിലും അതിൽ തളരാതെ രണ്ട് ഗോളുകൾ മടക്കി തിരിച്ചു വരവ് പൂർത്തിയാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ ഇന്ന് തോൽപ്പിച്ചത്. എവെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി ഏറ്റു വാങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യം പരിക്കിൽ ചോർന്നു പോയി എന്ന കരുതിയവർക്ക് തെറ്റിയെന്ന് കാട്ടി തരുകയായിരുന്നു ഇന്ന് ഇവാൻ വുകോമാനോവിച്ച്. കളം നിറഞ്ഞ് കളിച്ച് ബ്ലാസ്റ്റേഴ്സിന്റ് പ്ലേ മേക്കർ അഡ്രിയാൻ ലൂണയാണ് ചെന്നൈയ്ക്കെതിരെയുള്ള ജയത്തിന്റെ ശിൽപി.
രണ്ടാം മിനിറ്റിൽ അബ്ദെനാസ്സർ എൽ ഖയാത്തിയുടെ ഗോളിലൂടെയാണ് ചെന്നൈയിൻ എഫ് സി മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ ആ ഗോളിന്റെ സമ്മർദ്ദത്തിൽ പെടാതെ ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ആരാധകരുടെ താളത്തിനും ചാന്റിനും ആരവത്തിനൊപ്പം പന്ത് കൈയ്യടക്കി പിടിച്ച് ചെന്നൈയുടെ ബോക്സ് ലക്ഷ്യം വെച്ച് കളിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറക്കുന്നതിന് മുമ്പായി നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചത്. നിർഭാഗ്യവും ഷോട്ടിന്റെ കൃത്യയത ഇല്ലാഴ്മയും അതൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
എന്നാൽ 38-ാം മിനിറ്റിൽ കൊമ്പന്മാരുടെ എല്ലാ ആക്രമണത്തിനും ചുക്കാൻ പിടിച്ച അഡ്രിയാൻ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടുന്നത്. ഇടത് വിങ്ങിൽ ലൂണ തന്നെ തുടക്കമിട്ട ആക്രമണം തന്നെയായിരുന്ന യുറുഗ്വെയിൻ താരത്തിന്റെ ബൂട്ടിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ആദ്യ ഗോൾ പിറന്നത്. സഹലിന് പിഴച്ച പന്ത് നേരെ ലൂണ കാലുകളിലേക്കെത്തി. യുറുഗ്വെയിൻ താരം ചെന്നൈയിൻ പോസ്റ്റിന്റെ വലത് കോർണറിലേക്ക് ആ പന്ത് പായിച്ചു. കേരളത്തിന് സമനില ഗോൾ അവിടെ പിറന്നു. കലൂരിലെ മഞ്ഞക്കടൽ ആർത്ത് ഇരമ്പി.
തുടർന്ന് 1-1 സമനിലയിൽ ആദ്യപകുതി അവസാനിക്കുകയായിരുന്നു. ശേഷം 64-ാം പന്തിലാണ് കേരളം ലീഡ് ഉയർത്തുന്നത്. ആ ഗോളിനും വഴിവെച്ചത് ലൂണയുടെ പാസ് തന്നെയായിരുന്നു. ലൂണ നൽകിയ കട്ട് പാസ് നേരെ കെ.പി രാഹുലിന്റെ കാലിലേക്ക്. രാഹുൽ കിട്ടയ പാടെ പന്ത് ചെന്നൈയുടെ പോസ്റ്റിലേക്ക് തുടുത്ത് വിട്ടു. ചെന്നൈയുടെ ഗോൾ കീപ്പർ സൗമിക്ക് മിത്രയുടെ കൈയ്യിൽ പന്ത് തട്ടിയെങ്കിലും രാഹുലിന്റെ ഷോട്ടിന്റെ കാഠിനത്തിൽ പന്ത് സിഎഫ്സിയുടെ വലയ്ക്കുള്ളിൽ എത്തി ചേർന്നു. പിന്നീട് ചെന്നൈ സമനില ഗോളിന് ശ്രമിച്ചെങ്കിലും പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്ന പ്രഭ്സുഖൻ ഗിൽ അതിന് സമ്മതിച്ചില്ല. മികച്ച് രണ്ട് മൂന്ന് സേവുകളാണ് ബ്ലാസ്റ്റേഴ്സിനായി ഗിൽ കാഴ്ചവെച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ പാളിച്ചകൾ ഇനിയും അടയ്ക്കാൻ ഇവാൻ വുകോമാനോവിച്ചിന് സാധിക്കുന്നില്ല എന്നത് വാസ്തവമാണ്.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് 31 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനി ഒരു ജയം മാത്രം മതി കൊമ്പന്മാർക്ക്. സീസണിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രണ്ട് എവെ മാച്ചും ഒരു ഹോം മത്സരവുമാണ് ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത്. ബെംഗളൂരു എഫ്സി, എടികെ മോഹൻ ബഗാൻ, ഹൈദരാബദ് എഫ് സി എന്നീ ടീമുകളാണ് ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഫെബ്രുവരി 11 ബിഎഫ്സിക്കെതിരെയാണ് എവെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇനി ഇറങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...