ISL : `ഓവർ കോൺഫിഡൻസ് സീറോ ഡിഫൻസ്`; മോഹൻ ബഗാനെ തോൽപ്പിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്
Kerala Blasters vs ATK Mohun Bagan മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് കൊച്ചിയിൽ തകർത്തത്
കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബാഗനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ തകർത്തത്. ബംഗാൾ ടീമിന്റെ ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രോറ്റോസിന് ഹാട്രിക്. അഞ്ചാം മിനിറ്റിൽ ഒരു ഗോളിന് മുന്നിലെത്തിയതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തകർച്ച. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം അമിതമായി പോയോയെന്ന് തോന്നിപ്പോകും വിധമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ പ്രകടനം.
മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് മറൈനേഴ്സിന്റെ ബോക്സിലേക്ക് ഇരച്ച് കയറുകയായിരുന്നു. തുടർച്ചയായിട്ടുള്ള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിലാണ് ആറാം മിനിറ്റിൽ ഇവാൻ കല്യൂഷിനിയിലൂടെ കേരളം ലീഡ് ഉയർത്തുന്നത്. സഹൽ അബ്ദുൽ സമദ് നൽകിയ പാസിലാണ് യുക്രൈനൻ താരത്തിന്റെ ഗോൾ നേട്ടം. തുടർന്നും ബ്ലാസ്റ്റേഴ്സ് ബഗാന്റെ പോസ്റ്റിലേക്ക് ആക്രമണം തുടരുകയായിരുന്നു. ഈ സമയം ബ്ലാസ്റ്റേഴ്സിന് സ്വന്തം പോസ്റ്റിന് കാവൽ ഒരുക്കാൻ മറന്നു പോയി എന്ന തന്നെ പറയേണ്ടി വരും. ഫുൾ ബാക്ക് താരങ്ങൾ മുഴുവൻ സമയും ആക്രമണത്തിലേക്ക് തിരിഞ്ഞപ്പോൾ മറൈനേഴ്സ് ഇത് മനസ്സിലാക്കി ആക്രമണം അത്തരത്തിൽ മാറ്റുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ വലിയ സ്പേസ് ഉണ്ടാക്കിയെടുത്താണ് ഹ്യൂഗോ ബൌമസും കൊലാസോയും ഇടത് വിങ്ങിലൂടെ ആക്രമണങ്ങൾ മെനഞ്ഞത്. 20 മിനിറ്റ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ നിന്നും ബോൾ പിടിച്ചെടുത്ത് ഇടത് വിങ്ങിലൂടെ ആക്രമണങ്ങൾ മെനയാൻ തുടങ്ങി. അതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളുടെ വേഗത കുറപ്പിച്ച് മധ്യനിരയിൽ മോഹൻ ബഗാൻ നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. അതിന്റെ ആദ്യ ഫലം ഉണ്ടായത് 26-ാം മിനിറ്റിലാണ് ഇടത് വിങ്ങിലൂടെ മുന്നേറിയ ബൌമസ് സ്ട്രൈക്കർ ദിമിത്രി പെട്രാടോസിന് പന്ത് എത്തിച്ച് നൽകുകയായിരുന്നു. ഓസീസ് താരം അത് കൃത്യമായി ബ്ലാസ്റ്റേഴ്സിന്റെ വലയിൽ എത്തിക്കുകയും ചെയ്തു.
ഇതെ തലത്തിൽ വലത് വിങ്ങിലൂടെ മനിവീർ സിങ്ങും ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് ലക്ഷ്യം വെച്ചെത്തുകയും ചെയ്തു. അതിന്റെ ഫലമായിരുന്നു 38-ാം മിനിറ്റിൽ ജോണി കൌക്കോയിലൂടെ ബംഗാൾ ടീം ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ മറൈനേഴ്സ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രതിരോധത്തിലാണ്. അതോടൊപ്പം പ്രത്യാക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്സിനെ സമ്മർദ്ദത്തിലാക്കാനും മോഹൻ ബഗാൻ താരങ്ങൾ ശ്രമിക്കുകയും ചെയ്തു. അത്തരത്തിലാണ് മറൈനേഴ്സ് തങ്ങളുടെ മൂന്നാം ഗോൾ കണ്ടെത്തുന്നത്. ലിസ്റ്റൺ കൊളാശോയുടെ പാസ് പിടിച്ചെടുത്ത ദിമിത്രി പെട്രാടോസ് 62-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ കണ്ടെത്തുകയും ചെയ്തു.
ALSO READ : Fifa World Cup : ഫുട്ബോൾ ആവേശം; ലോകത്തെ ഏറ്റവും വലിയ ബൂട്ട് ഞായറാഴ്ച ഖത്തറിലേക്ക് പുറപ്പെടും
ഏതേ വിധേനയും ഗോളുകൾ മടക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് തരങ്ങൾ കളിച്ചത്. എന്നാൽ പലതും ഗോൾ പോസ്റ്റിന്റെ പുറത്തേക്ക് അല്ലെങ്കിൽ വിശാൽ കെയ്തോ തട്ടയകറ്റുമായിരുന്നു. തുടർന്ന് 81-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ കെ.പി രാഹുലിന്റെ ലോങ് റേഞ്ചർ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ വ്യത്യാസം ഒന്നാക്കി ചുരുക്കി. തുടർന്നുള്ള അവസാന നിമിഷങ്ങളിൽ കേരളത്തിന്റെ താരങ്ങൾ എങ്ങനെങ്കിലും മൂന്നാമത് ഗോൾ അടിക്കാൻ വേണ്ടി ബഗാന്റെ ബോക്സിലേക്ക് കുതിച്ചു. പല അവസരങ്ങൾ ഉടലെടുത്തെങ്കിലും നിർഭാഗ്യവും മറൈനേഴ്സിന്റെ ബസ് പാർക്കിങ്ങും സമനില ഗോൾ കേരള ടീമിന് അനുവദിച്ചില്ല.
എന്നാൽ ഈ സമയത്ത് പ്രതിരോധത്തെ കുറിച്ച മറന്ന കേരള ബ്ലാസ്റ്റേഴ്സിനെ അക്കാര്യം ഒർമ്മപ്പെടുത്തുന്നതായിരുന്നു തുടർന്നുണ്ടായ രണ്ട് ഗോളുകൾ. മറൈനേഴ്സിന്റെ ബസ് പാർക്കിങ്ങിൽ തട്ടി അകന്ന പന്ത് പിടിച്ചെടുത്ത ലെനി റോഡ്രിഗ്രസ് ആ പന്ത് ദിമിത്രയിലേക്കെത്തിക്കുകയായിരുന്നു. തുടർന്ന് ഓസീസ് താരം ആ പന്ത് ലെനിക്ക് തന്നെ നൽകി 87-ാം മിനിറ്റിൽ മോഹൻ ബഗാന്റെ മത്സരത്തിലെ നാലമത്തെ ഗോൾ പിറക്കുകയും ചെയ്തു. ആ ഗോളും പിറന്നതോടെ ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ച് മട്ടിലായി. ആ തളർച്ചയിൽ ദിമിത്രി തന്റെ ഹാട്രിക് ഗോൾ കണ്ടെത്തുകയും ചെയ്തു. മത്സരം ആറ് മിനിറ്റിലേക്ക് ഇഞ്ചുറി ടൈമിലേക്ക് നീണ്ടെങ്കിലും മറ്റൊരു ഗോൾ അവസരം കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് ഉണ്ടാക്കിയെടുത്തില്ല.
ഇതോടെ ഇരു ടീമും അഞ്ച് തവണ ഏറ്റമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സിന് മുകളിലുള്ള മോഹൻ ബഗാന്റെ അപരാജിത മുന്നേറ്റം തുടരുന്നു. ഒക്ടോബർ 23ന് ഒഡീഷ് എഫ്സിക്കെതിരെ എവെ മാച്ച് ഇനി കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ഇനി 20-ാം തീയതിയാണ് അടുത്ത ഐഎസ്എൽ മത്സരം നടക്കുക. സീസണിലെ ആദ്യ ജയം തേടി നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഈസ്റ്റ് ബംഗാളുമാണ് 20-ാം തീയതി ഏറ്റുമുട്ടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...