ISL : കലൂരിൽ അടിച്ചത് യുക്രൈനിയൻ മിന്നൽ ; ആവേശ ജയത്തോടെ പുതിയ സീസണിന് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
ISL 2022-23 Kerala Blasters FC vs East Bengal FC : ഈസ്റ്റ് ബംഗാൾ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളത്തിന്റെ കൊമ്പന്മാർ സ്വന്തം തട്ടകത്തിൽ വെച്ച് തറപ്പറ്റിച്ചത്.
കൊച്ചി : മഞ്ഞക്കടൽ ഇരമ്പയെത്തിയ കലൂർ സ്റ്റേഡിയത്തെ പ്രകമ്പനം കൊളിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വിജയത്തോടെ തുടക്കമിട്ടു. ഈസ്റ്റ് ബംഗാൾ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളത്തിന്റെ കൊമ്പന്മാർ സ്വന്തം തട്ടകത്തിൽ വെച്ച് തറപ്പറ്റിച്ചത്. മത്സരത്തിലെ നാല് ഗോളുകളും പിറന്നത് അവസാനത്തെ ആവേശകരമായ ഇരുപത് മിനിറ്റിൽ. ഗോവയിൽ അന്ന് ബാക്കി വെച്ചത് ബ്ലാസ്റ്റേഴ്സിന് ഇനിയും തീർക്കാനുള്ള കലിപ്പുകളാണെന്ന് ഒന്നും കൂടി വ്യക്തമാക്കുവിധമാണ് ഇവാൻ വുകോമാനോവിച്ച് സീസണിലെ ആദ്യ മത്സരത്തിലെ ജയത്തോടെ തന്നെ സൂചിപ്പിക്കുന്നത്.
മത്സരത്തിൽ ഉടനീളം ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ 12-ാമനായ കാണികളും അവരുടെ ആരവവും കലൂർ സ്റ്റേഡിയത്തിൽ നിറഞ്ഞപ്പോൾ കേരളം നേടിയെടുത്തത് ആധികാരികമായ ജയം. ഗോൾരഹിതമായട്ടാണ് മത്സരത്തിന്റെ ഒന്നാം പകുതി അവസാനിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കോവിഡിന്റെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് തിരികെയെത്തിയ ആരാധകരെ ഒട്ടും നിരാശപ്പെടുത്താതിരിക്കാൻ മഞ്ഞപ്പടയുടെ കമ്പന്മാർ ബംഗാളിന്റെ പോസ്റ്റിലേക്ക് ആർത്ത് ഇരുമ്പി. നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ പിറക്കുന്നതിന് മുന്നോടിയായി സൃഷ്ടിച്ചത്.
ALSO READ : ബ്രസീലിൽ ഫുട്ബോൾ തട്ടാൻ മഹാത്മ ഗാന്ധി
ലൂണയിലൂടെ തുടക്കം
ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യൻ ലൂണയിലൂടെ തന്നെയാണ് കൊമ്പന്മാർ സീസണിലെ ആദ്യ ഗോൾ സ്വന്തമാക്കുന്നത്. 72-ാം മിനിറ്റിൽ റൈറ്റ് വിങ് ബാക്ക് ഹർമൻജോട്ട് ഖബ്ര നൽകിയ ലോങ് പാസ് ഫസ്റ്റ് ടച്ചിൽ തന്നെ ലൂണ ഗോളാക്കി മാറ്റുകയായിരുന്നു. അതോടെ കലൂർ സ്റ്റേഡിയം ആർത്തിരമ്പി.
കലൂരിൽ യുക്രൈൻ മിന്നൽ
ആദ്യ ഗോൾ പിറന്നതിന് ശേഷം 80-ാം മിനിറ്റിൽ കോച്ച് ഇവാൻ വുകോമാനോവിച്ച് മധ്യനിരയിലും ഫോർവേർഡിലും മാറ്റങ്ങൾ കൊണ്ടുവന്നു. ഓസ്ട്രേലിയൻ താരം അപ്പോസ്തോലോസ് ഗ്യാനുവിനെയും പൂട്ടിയെയും പിൻവലിച്ച് യുക്രൈൻ താരം ഇവാൻ കല്യുഴ്നിയെ ബിദ്യാസാഗറിനെയും വുകോമാനോവിച്ച് കളത്തിലിറക്കി. തൊട്ടടുത്ത മിനിറ്റിൽ തന്നെ ബിദ്യാസാഗർ നൽകിയ പാസ് പിടിച്ചെടുത്ത ഫ്രഷ് ലഗായ യുക്രൈനിയൻ താരം ഈസ്റ്റ് ബംഗാളിന്റെ പോസ്റ്റിലേക്ക് പാഞ്ഞു. കല്യുഴ്നി നീട്ടിയടിച്ച പന്ത് ഈസ്റ്റ് ബംഗാളിന്റെ ഗോൾകീപ്പർ കമൽജിത് സിങ്ങിന് തടുക്കനായില്ല. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ലീഡ് ഉയർത്തുകയും ചെയ്തു.
ALSO READ : ISL 2022-23 : ഐഎസ്എൽ അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ ഇവരാണ്; ടീമിൽ ഏഴ് മലയാളി താരങ്ങൾ
അതേസമയം മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കവെ ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ നേടി. ബോക്സിൽ നിന്നുള്ള അലക്സ് ലിമയുടെ ബുള്ളറ്റ് ഷോട്ട് കേരളത്തിന്റെ ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിന് കാണാൻ പോലും സാധിച്ചില്ല. എന്നാൽ ആ ഗോൾ നേട്ടത്തിലൂടെ ബംഗാൾ ടീമിന് ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മിനിറ്റ് മാത്രമെ സമ്മർദം ചെലുത്താൻ സാധിച്ചുള്ളു. തൊട്ടടുത്ത മിനിറ്റിൽ വീണ്ടും സൂപ്പർ സബ് എന്ന പോലെ തന്നെ കല്യുഴ്നി അലക്സ് ലിമയുടെ ബുള്ളറ്റ് ഷോട്ട് ഗോളിന് അതെ നാണയത്തിൽ മറുപടി നൽകി. ബോക്സിൽ നിന്നും ഒരു ലോങ് റേഞ്ചറിലൂടെ കേരളം വീണ്ടും ലീഡ് ഉയർത്തി. മത്സരം ഇടയ്ക്ക് കൈയ്യാങ്കളിലേക്ക് തിരഞ്ഞെങ്കിലും ഈസ്റ്റ് ബംഗാളിന് മറ്റൊരു ഗോൾ കണ്ടെത്തി ബ്ലാസ്റ്റേഴ്സിന് മുകളിൽ സമ്മർദം ചെലുത്താൻ സാധിച്ചില്ല.
നാളെ നടക്കുന്ന സീസണിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റമുട്ടു. നാളെ വൈകിട്ട് 7.30ന് ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...