ആവേശപൂരിതമായ ഐഎസ്എല്‍ സെമിഫൈനല്‍മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ ഡല്‍ഹിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ആധികാരികമായ ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മഞ്ഞക്കടല്‍ തീര്‍ത്ത പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി അറുപത്തിനാലാം മിനിട്ടില്‍ ഹെയ്ത്തി താരം ബെല്‍ഫോര്‍ട്ടിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം കരസ്ഥമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തേ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി മൂന്നാം മിനിറ്റില്‍ തന്നെ ഡല്‍ഹിയുടെ വല കുലുക്കാന്‍ കേരളത്തിന് സുവര്‍ണാവസരം ലഭിച്ചതായിരുന്നു. എന്നാല്‍ കേരളത്തിന്‍റെ ഗോളടിമന്നന്‍ എന്ന്‍ വിശേഷിപ്പിക്കാവുന്ന മലയാളി താരം സി.കെ വിനീത് അവസരം നഷ്ടപ്പെടുത്തി.


സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. വിജയത്തോടെ ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനല്‍ ബെര്‍ത്തിനോട് ബ്ലാസ്‌റ്റേഴ്‌സ് ഒരുപടി അടുത്തു. 


ഡിസംബര്‍ 14ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തില്‍ ലീഡ് നേടിയാല്‍ ബ്ലാസ്റ്റേഴ്‌സിന് ഫൈനല്‍ ഉറപ്പിക്കാം. ഡല്‍ഹിയില്‍ നടക്കുന്ന എവെ മത്സരത്തിന്‍റെ ഫലം അനുസരിച്ചായിരിക്കും ഫൈനല്‍. ആദ്യപാദത്തിലെ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് മേധാവിത്വമായി.