ISL Transfer : ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ ഈസ്റ്റ് ബംഗാളിന്റെ കോച്ചാകും
ISL Transfer News മുംബൈ സിറ്റി എഫ്സി മുൻ കോച്ച് ജോർജ് കോസ്റ്റയും ഇംഗ്ലഷ് കോച്ചുമായ കോൺസ്റ്റന്റൈനുമായിരുന്നു ബംഗാൾ വമ്പന്മാരുടെ പട്ടികയിലുണ്ടായിരുന്നത്.
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ മുഖ്യ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എസ് സി ഈസ്റ്റ് ബംഗാളിന്റെ കോച്ചാകും. ഇത് സംബന്ധിച്ചുള്ള ടീമിന്റെ തീരുമാനത്തിന് ഫ്രാഞ്ചൈസിയുടെ മുഖ്യ നിക്ഷേപകരായ ഇമാമി ഗ്രൂപ്പ് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്. മുംബൈ സിറ്റി എഫ്സി മുൻ കോച്ച് ജോർജ് കോസ്റ്റയും ഇംഗ്ലഷ് കോച്ചുമായ കോൺസ്റ്റന്റൈനുമായിരുന്നു ബംഗാൾ വമ്പന്മാരുടെ പട്ടികയിലുണ്ടായിരുന്നത്.
ടീമും കോച്ചും തമ്മിലുള്ള ധാരണ സംബന്ധിച്ചുള്ള അവസാനഘട്ട ചർച്ച പുരോഗമിക്കുകയാണെന്ന് സീ 24 ഘണ്ട തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ താൻ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് ഇംഗ്ലീഷ് കോച്ച് ട്വിറ്ററിലൂടെ സൂചന നൽകുകയും ചെയ്തു. യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കടൽ മാർഗം വരച്ചു കാട്ടികൊണ്ടുള്ള ചിത്രമാണ് കോൺസ്റ്റന്റൈൻ തന്റെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. അതും ചുവന്ന് മശി കൊണ്ട്.
ALSO READ : Bino George : ഇനി ഈസ്റ്റ് ബംഗാളിന് കപ്പെടുത്ത് കൊടുക്കാൻ ബിനോ ജോർജ് കൊൽക്കത്തയിലേക്ക്
2019ൽ എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ചതിന് പിന്നാലെയാണ് കോൺസ്റ്റന്റൈൻ നീലക്കടുവകളുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലീഷ് കോച്ച് ഇന്ത്യൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നത്. കോൺസ്റ്റന്റൈന്റെ കരാറിനോടൊപ്പം ഇമാമി ഗ്രൂപ്പുമായിട്ടുള്ള കരാറും ഈ ആഴ്ച തന്നെ ഈസ്റ്റ് ബംഗാൾ ധാരണയിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2020ൽ ഐഎസ്എല്ലിന്റെ ഭാഗമായതിന് ശേഷം ഈസ്റ്റ് ബംഗാൾ നിയമിക്കുന്ന മൂന്നാമത്തെ കോച്ചാണ് കോൺസ്റ്റന്റൈൻ. 2020-21 സീസൺ റോബി ഫ്ലവറും കഴിഞ്ഞ സീസണിൽ മനോളോ ഡയസും മാരിയോ റിവേറയും ചേർന്നായിരുന്നു ഈസ്റ്റ് ബംഗാളിന് പരിശീലനം നൽകിയിരുന്നത്.
ഈസ്റ്റ് ബംഗാളിന്റെ കോച്ചിങ് കൂടുതൽ ശക്തി നൽകാൻ കേരളത്തിന്റെ സന്തോഷ് ട്രോഫി കോച്ച് ബിനോ ജോർജിന് റിസർവ് ടീമിന്റെ മുഖ്യ പരിശീലകനായി കഴിഞ്ഞ ദിവസം നിയമിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ബിനോ ജോർജിന്റെ നിയമനം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും മലയാളി കോച്ചിനെ പ്രധാന ടീമിന്റെ സഹപരിശീലകനുമായിട്ടും കൂടിയാണ് നിയമിച്ചിരിക്കുന്നതെന്ന് ഈസ്റ്റ് ബംഗാളിന്റെ ഏറ്റവും അടുത്ത വൃത്തെത്തെ ഉദ്ദരിച്ചു കൊണ്ട വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.