കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചുകൊണ്ട് ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഇനി ഒരു മത്സരം മാത്രം ബാക്കിയിരിക്കെ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന നാലിലെത്താനാകൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരു ടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടുന്നതില്‍ മാത്രം പരാജയപ്പെട്ടു.  ആദ്യപകുതിയില്‍ സികെ വിനീതാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളിന് ഏറ്റവും അടുത്തെത്തിയത്. സികെ വിനീതിന്‍റെ വലം കാലന്‍ അടി ഗോളിയെ കീഴടക്കിയെങ്കിലും ഗോള്‍ പോസ്റ്റിന്‍റെ ഉള്‍ഭാഗത്ത് തട്ടി മടങ്ങി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ജെജെയുടെ ഷോട്ട് കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പോയത് ആശ്വാസത്തോടെയാണ് മഞ്ഞപ്പട കണ്ടത്.


രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എണ്ണം പറഞ്ഞ ഷോട്ടുകളും ഒരു പെനാല്‍റ്റിയും സേവ് ചെയ്ത് ചെന്നൈയിന്‍ എഫ്‌സിയുടെ രക്ഷകനായത് കരന്‍ജിത് സിംഗ് എന്ന  ഗോളിയായിരുന്നു. അതില്‍ ഏറ്റവും നിര്‍ണ്ണായകമായത് അമ്പത്തിമൂന്നാം മിനിറ്റിലെ പെനാല്‍റ്റി തന്നെയായിരുന്നു. ഐസ്‌ലാന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാല്‍ഡ് വിന്‍സണെ ബോക്‌സില്‍ വെച്ച് പിന്നില്‍ നിന്നും ഫൗള്‍ ചെയ്തതിനാണ് റഫറി കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ പെക്കൂസന്‍റെ ശക്തമല്ലാത്ത ഷോട്ട് ചെന്നൈയിന്‍ ഗോളി കരന്‍ജിത് സിങ് മുഴുനീള ഡൈവിലൂടെ തട്ടിത്തെറിപ്പിച്ചു. തൊണ്ണൂറ്റി രണ്ടാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ ഗ്രിഗറി നെല്‍സന്‍റെ ഒരു ഷോട്ട് റബൂക്കയെ കീഴ്‌പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ തട്ടി തിരിച്ചുവന്നു.


ഇനി ബംഗളൂരു എഫ്‌സിക്കെതിരെ ബംഗളൂരുവില്‍ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന മത്സരം. ബംഗളൂരുവിനെ കേരളം തോല്‍പിക്കുകയും ജംഷഡ്പൂര്‍ എഫ്‌സി ഇനിയുള്ള രണ്ട് മത്സരങ്ങളും തോല്‍ക്കുകയും ചെയ്യുകയെന്ന വിദൂരമായ സാധ്യതമാത്രമാണ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലുള്ളത്.


24 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ പോയിന്റ് നിലയില്‍ അഞ്ചാമതാണ്. ഇനി മറ്റു ടീമുകളുടെ മത്സരഫലത്തെയും ആശ്രയിച്ചകും കേരളത്തിന്‍റെ യാത്ര. ആറാമതുള്ള മുംബൈ സിറ്റി എഫ്‌സിക്കും (23 പോയിന്റ്) മൂന്നു മത്സരങ്ങള്‍ കൂടിയുള്ള എഫ്‌സി ഗോവയ്ക്കും (21 പോയിന്റ്) ഇപ്പോഴും പ്രതീക്ഷയുണ്ട്.