Kerala Olympic Games | പ്രഥമ കേരള ഒളിമ്പിക് ഗയിംസ് നടത്തുന്നത് മാറ്റിവെച്ചു; പുതുക്കിയ തിയതി മെയ് മാസത്തിൽ
രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. ജില്ലാ ഒളിമ്പിക്സ് മത്സരങ്ങളിലെ ജേതാക്കളാണ് സംസ്ഥാന ഒളിമ്പിക്സിൽ മത്സരിക്കുക.
തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രഥമ കേരള ഒളിമ്പിക് ഗയിംസിന്റെ തീയതികൾ പുനർ നിശ്ചയിച്ചു. ഫെബ്രുവരി 15 മുതൽ 24 വരെ നടത്താനിരുന്ന മത്സരങ്ങൾ മെയ് 1ന് ആരംഭിച്ച് 10ന് സമാപിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചുയെന്ന് കേരള ഒളിംപിക് സംഘാടക സമിതി അറിയിച്ചു.
.
ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒളിമ്പിക് എക്സ്പോ ഏപ്രിൽ 29ന് ആരംഭിച്ച് മെയ് 10 ന് അവസാനിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുകയും ചെയ്തതായി കേരള ഒളിംപിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. ജില്ലാ ഒളിമ്പിക്സ് മത്സരങ്ങളിലെ ജേതാക്കളാണ് സംസ്ഥാന ഒളിമ്പിക്സിൽ മത്സരിക്കുക. എണ്ണായിരത്തിലധികം മത്സരാർത്ഥികൾ കേരള ഒളിമ്പിക്സിൽ പങ്കെടുക്കും. 13 ജില്ലകളിലും ജില്ലാ ഒളിമ്പിക് മത്സരങ്ങൾ പൂർത്തിയായി.
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, കേരള ഒളിമ്പിക്സിന്റെ രക്ഷാധികാരി കൂടിയായ പത്മശ്രീ മോഹൻലാൽ, കായിക രംഗത്തെ വിവിധ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ആദരിക്കും. ഏപ്രിൽ 29 ന് ഒളിമ്പിക് എക്സ്പോ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യും
അത്‌ലറ്റിക്സ്, അക്വാറ്റിക്സ്, ആർച്ചറി, ബാസ്കറ്റ്ബോൾ, ബോക്സിങ്, സൈക്ലിങ്, ഫുട്ബോൾ, ജൂഡോ, നെറ്റ്ബോൾ, തയ്ക്വാൻഡോ, വോളിബോൾ, ഗുസ്തി, ബാഡ്മിന്റൻ, ഹാൻഡ് ബോൾ, ഖോ ഖോ , കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് എന്നിങ്ങനെ 24 ഇനങ്ങളിലാണു മത്സരം. ഇതിൽ 21 ഇനങ്ങളിലും തിരുവനന്തപുരത്താണ് മത്സരം. ഫുട്ബോൾ മത്സരങ്ങൾ എറണാകുളത്തും വോളിബോൾ മത്സരങ്ങൾ കോഴിക്കോടും, ഹോക്കി മത്സരങ്ങൾ കൊല്ലം അന്താരാഷ്ട്ര സ്റ്റേഡിയത്തിലുമാണ് നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുതിർന്ന കായിക താരങ്ങൾ കേരള ഒളിമ്പിക്സിന്റെ ഭാഗമായി എത്തും. സംസ്ഥാനത്തെ കായിക പ്രതിഭകൾക്ക് പുത്തൻ അവസരങ്ങൾ ആകും പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് തുറന്നു കൊടുക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.