കൊച്ചി: ഇന്ത്യന്‍ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്‍റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയന്‍ ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സി. കൊച്ചിയിലെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഴയില്ലെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരം പനമ്പള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം പരിശീലനത്തിനിറങ്ങും.  ഓസ്ട്രേലിയയുടെ ദേശീയ കുപ്പായം അണിഞ്ഞിട്ടുള്ള പല കളിക്കാരും മെൽബൺ ടീമിലുണ്ട്.


എന്നാല്‍, വിശ്രമം അനുവദിച്ചിരിക്കുന്ന ഡാനിയൽ അർസാനി ഇതതവണ ലോകകപ്പ് കളിക്കില്ല. അതേസമയം, ഗോളി യൂജിൻ ഗാലെകോവിച്, നഥാനിയൽ എറ്റ്കിൻസൺ, ല്യൂക്ക് ബ്രാറ്റൺ തുടങ്ങിയ യുവപ്രതിഭകള്‍ കളിക്കും. 


24ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെയാണ് സിറ്റി ബ്ലൂസ് എന്നറിയപ്പെടുന്ന മെൽബൺ സിറ്റിയുടെ ആദ്യ മൽസരം. 27ന് സ്പാനിഷ് ലാ ലിഗ ടീമായ ജിറോണ എഫ്സിയെയും നേരിടും. കടുപ്പമേറിയ എ–സീസണിനായുള്ള തയാറെടുപ്പാണ് സിറ്റി ബ്ലൂസിന്‍റെ ലക്ഷ്യം.


മികച്ച പ്രതീക്ഷകളോടെയാണ് ഇന്ത്യയിലെ ടൂര്‍ണമെന്‍റിനെത്തിയതെന്നും യുവതാരങ്ങളുടെ മികവിൽ ജയം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സിറ്റി ടീം കോച്ച്‌ വാറന്‍ ജോയ്‌സ് പറഞ്ഞു.


ആദ്യമായാണ് ഇന്ത്യയിൽ കളിക്കുന്നതെന്നും നല്ലൊരു കൂട്ടം കാണികളാണ് ഇവിടെ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിലേക്ക് പുതുതായെത്തിയ മൈക്കല്‍ ഹാലോരന്‍, റിലി മക്ഗ്രീ, ലക്ലാന്‍ വെയ്ല്‍സ് എന്നിവര്‍ക്കൊപ്പം ഒരുപറ്റം അക്കാദമി യുവതാരങ്ങളും ആവേശത്തോടെയാണ് ടൂര്‍ണമെന്‍റിനെ കാത്തിരിക്കുന്നത്. സ്പാനിഷ് ടീമായ ജിറോണയും ആതിഥേയരായ ബ്ലാസ്റ്റേഴ്‌സും മികച്ച കളി പുറത്തെടുക്കുമ്പോള്‍ ഞങ്ങള്‍ക്കും ഏറെ ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് വാറന്‍ ജോയ്‌സ് പറഞ്ഞു.