Lionel Messi: പിഎസ്ജി വിടാനൊരുങ്ങി ലയണൽ മെസ്സി; ക്ലബിനെ തീരുമാനം അറിയിച്ചു
അടുത്ത മാസം പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും. ഇതോടെ താരം ക്ലബ് വിടുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്.
പാരിസ്: കരാർ അവസാനിക്കുന്നതോടെ സൂപ്പർതാരം ലയണൽ മെസ്സി പിഎസ്ജി വിടുമെന്ന് റിപ്പോർട്ട്. പിഎസ്ജിയുമായുള്ള നിലവിലെ കരാർ അടുത്തമാസം അവസാനിക്കാനിരിക്കെയാണ് മെസ്സിയുടെ തീരുമാനം. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതില്‍ ലയണല്‍ മെസ്സിയെ രണ്ടാഴ്ചത്തേക്ക് പിഎസ്ജി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത്.
അതേസമയം സസ്പെന്‍ഷന്‍ സമയത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. പ്രതിഫലവും ഈ കാലയളവില്‍ ക്ലബ്ബ് നല്‍കില്ല. മൂന്ന് മത്സരങ്ങൾ മാത്രമാണ് സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക. ഞായറാഴ്ച സ്വന്തം ഗ്രൗണ്ടില്‍ ലോറിയന്റിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരം സൗദിയിലേയ്ക്ക് പോയത്. സൗദിയുമായി ടൂറിസം രംഗത്തുള്ള കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മെസി എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
Also Read: Lionel Messi: അനുമതിയില്ലാതെ സൗദി യാത്ര; ലയണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി
സൗദി സന്ദര്‍ശനത്തിന് പിന്നാലെ തിങ്കളാഴ്ച നടന്ന പിഎസ്ജിയുടെ പരിശീലനത്തില്‍ മെസി പങ്കെടുത്തില്ല. ഞായറാഴ്ച ട്രോയെസിന് എതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. സസ്‌പെന്‍ഷനിലായതിനാല്‍ ഈ മത്സരത്തില്‍ മെസി കളിക്കില്ല. സസ്‌പെന്‍ഷന്‍ രണ്ടാഴ്ചയ്‌ത്തേക്കാണെങ്കില്‍ മെയ് 13ന് അജാസിയോയ്ക്ക് എതിരെ നടക്കുന്ന ഹോം മത്സരവും മെസിയ്ക്ക് നഷ്ടമാകും.
2021ലാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയില്‍ നിന്ന് മെസി പിഎസ്ജിയിലെത്തിയത്. ബാഴ്‌സയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനങ്ങള്‍ പിഎസ്ജിയിലും അതേപടി ആവര്‍ത്തിക്കാന്‍ മെസിയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ സീസണ്‍ പൂര്‍ണമായി നിരാശപ്പെടുത്തിയെങ്കില്‍ രണ്ടാം സീസണില്‍ മെസി ഫോമിലേയ്ക്ക് ഉയര്‍ന്നു. പിഎസ്ജിയ്ക്ക് വേണ്ടി 71 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് മെസി നേടിയത്. ഈ സീസണില്‍ 15 അസിസ്റ്റുകളുമായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരങ്ങളുടെ പട്ടികയില്‍ മെസി ഒന്നാമതാണ്. 20 ഗോളുകളും താരം നേടിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...