ന്യൂഡല്‍ഹി: ബി.സി.സി.ഐയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ലോധ കമ്മിറ്റി. ബി.സി.സിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ നടന്നുവരുന്ന  ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പര റദ്ദാക്കുമെന്ന് ബിസിസിഐ. പണമില്ലാതെ എങ്ങനെ മത്സരങ്ങള്‍ നടത്തുമെന്നും പരമ്പര റദ്ദ് ചെയ്യുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ബാക്കി നില്‍ക്കവേയാണ് ബിസിസിഐയുടെ നീക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോധ കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബിസിസിഐ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എല്ലാ നിര്‍ദേശങ്ങളും അതേപ്പടി അംഗീകരിക്കുന്നത് അപ്രായോഗികമാണെന്നാണ് ബിസിസിഐ നിലപാട്. ഈ നിലപാടിനെ തുടര്‍ന്നാണ് കമ്മിറ്റി ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.


ബി.സി.സിഐ സെക്രട്ടറി അജയ് ശിര്‍കെ, സി.ഇ.ഒ രാഹുല്‍ ജോഹ്‌രി, ട്രഷറര്‍ അനിരുദ്ധ് ചൗധരി, യെസ് ബാങ്ക് മേധാവി റാണ കപൂര്‍ എന്നിവര്‍ക്കാണ് ലോധ കമ്മിറ്റി നോട്ടീസ് നല്‍കിയത്. സുപ്രീം കോടതി ഉത്തരവ് ബി.സി.സി.ഐ ലംഘിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു. ഐ.പി.എല്ലിന് പതിനഞ്ച് ദിവസം മുന്‍പും ശേഷവും മറ്റൊരു മത്സരത്തിന് ഇടവേള നല്‍കണമെന്നും ലോധ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ ഇംണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ സാന്നിധ്യവും ആശങ്കയിലായി.


വാതുവപ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐയെ ഉടച്ച് വാര്‍ക്കുന്നതിനായി 2013ലാണ് സുപ്രീംകോടതി ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്.