ന്യൂഡല്‍ഹി: ഒളിമ്പിക്സ് ജേതാവ് മേരി കോം ഇന്ത്യന്‍ ബോക്സിംഗ് ദേശീയ കായിക നിരീക്ഷക പദവി സ്ഥാനം രാജിവച്ചു. മത്സരരംഗത്തുള്ളവരെ നിരീക്ഷക പദവിയിലേക്ക് പരിഗണിക്കേണ്ടെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് വ്യകതമാക്കിയതിനെ തുടർന്നാണ് മേരി കോമിന്‍റെ രാജി.


രാജിയെ സംബന്ധിച്ചുള്ള വിഷയം മന്ത്രിയുമായി 10 ദിവസം മുൻപ് ചർച്ച ചെയ്തിരുന്നതായി മേരി കോം അറിയിച്ചു. തനിക്ക് നിരീക്ഷക സ്ഥാനം നല്‍കിയത് താന്‍ ആവശ്യപ്പെട്ടിട്ടല്ലയെന്ന്‍ അവര്‍ പറഞ്ഞു. മുപ്പത്തിനാലുകാരിയായ മേരി കോം ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നേടി ബോക്സിംഗിലേക്ക് അടുത്തിടെ തിരിച്ചുവന്നിരുന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ തന്‍റെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ മേരി കോം രാജ്യസഭാ എംപി കൂടിയാണ്.