മുംബൈ:   ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം വിഷാദരോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമാക്കിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷാദരോഗ൦  എത്രമാത്രം അപകടകരമാണെന്നും അതിനെ എത്രയും പെട്ടെന്ന് അതിജീവിക്കേണ്ടാതിന്‍റെ അനിവാര്യതയും മനോ രോഗ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.  ശാരീരികരോഗ്യം പോലെതന്നെ  മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഇന്ന്  ആളുകള്‍  മനസിലാക്കുന്നുണ്ട്.


എന്നാല്‍, സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണ ശേഷം ക്രിക്കറ്റ് താരം മുഹമ്മദ് ഷമി നടത്തിയ  വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍  ചര്‍ച്ചയാവുന്നത്. 
വിഷാദരോഗം പ്രത്യേകം പരിഗണന നൽകേണ്ട പ്രശ്നമാണെന്ന് മുഹമ്മദ് ഷമി അഭിപ്രായപ്പെട്ടു.  


വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് താന്‍  ചിന്തിച്ചിരുന്നതായി ഷമി മുന്‍പ്  വെളിപ്പെടുത്തിയിരുന്നു.  ഇന്ത്യൻ ടീമിൽനിന്ന് പുറത്തായതും ദാമ്പത്യം തകർന്നതും തന്‍റെ മാനസികാരോഗ്യത്തെ ഉലച്ചിരുന്നതായും വിഷാദരോഗം മൂലം ആത്മഹത്യ ചെയ്യാൻപോലും  താൻ ഒരിക്കൽ ചിന്തിച്ചിരുന്നുവെന്നും  അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 


എന്നാല്‍, വിഷാദരോഗത്തില്‍ നിന്നും പുറത്തു കടക്കാന്‍ ഏറ്റവും സഹായമാവുക കുടുംബവും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണയാണ്  എന്ന് ഷമി പറഞ്ഞു. തന്‍റെ  കുടുംബവും സുഹൃത്തുക്കളും കരുത്തുപകർന്ന് ഒപ്പം നിന്നതുകൊണ്ടാണ് താന്‍ അതിൽനിന്ന് കരകയറിയതെന്നും ഷമി പറഞ്ഞു. വിവാഹ ബന്ധത്തിലെ തകർച്ചയും കരിയറിലെ പരുക്കുകളും തളർത്തിയതോടെയാണ് താന്‍  വിഷാദത്തിന് അടിപ്പെതെന്നും  ഷമി വെളിപ്പെടുത്തി.   


വിഷാദം പ്രത്യേകം പരിഗണന നൽകേണ്ട ഒരു പ്രശ്നം തന്നെയാണ്. ഇതിന്‍റെ  പിടിയിൽപ്പെട്ട് സുശാന്ത് സിംഗ് രാജ്പുത് എന്ന മികച്ച നടൻ ജീവിതം അവസാനിപ്പിച്ചത് നിർഭാഗ്യകരമായിപ്പോയി. അദ്ദേഹം എന്‍റെയൊരു സുഹൃത്തായിരുന്നു. മാനസികമായി അദ്ദേഹം അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അദ്ദേഹത്തോട് ഒന്ന് സംസാരിക്കാൻ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു, ഷമി പറഞ്ഞു. 


തന്‍റെ  കാര്യത്തിൽ കുടുംബാംഗങ്ങളും  സഹ കളിക്കാരും  നൽകിയ ശക്തമായ പിന്തുണയാണ് ആ മോശം കാലഘട്ടം അതിജീവിക്കാൻ സഹായിച്ചത്. തനിക്ക് ശക്തമായ പിന്തുണ നൽകിയ അവർ പോരാടി തിരിച്ചുവരേണ്ടതിന്‍റെ  ആവശ്യകതയും  മനസ്സിലാക്കിത്തന്നു, ഷമി കൂട്ടിച്ചേര്‍ത്തു.


ഒന്നിലധികം തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഷമി പറഞ്ഞു. തന്നെ തനിച്ചാക്കിയിട്ടില്ലെന്ന് കുടുംബം ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലായ്‌പ്പോഴും ചുറ്റും ഒരാൾ ഉണ്ടായിരുന്നു. മനസമാധാനം വീണ്ടെടുക്കാൻ ആത്മീയവഴികളിലൂടെ സഞ്ചരിച്ചതായും ഷമി പറയുന്നു. ആളുകളോട് സംസാരിക്കണം, അതുപോലെ തന്നെ കൗൺസിലിംഗും നടത്തണം, രോഗത്തെ മറികടക്കാൻ ഇത് പ്രധാനമാണ്. ആ മോശം സമയത്തെ വിജയകരമായി അതിജീവിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, ഷമി പറഞ്ഞു. 


രോഗത്തിൽനിന്നും കരകയറിയ ഷമി, ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഉഗ്രന്‍ തിരിച്ചു വരവാണ് നടത്തിയത്.