ലോകകപ്പ് തുടങ്ങിയ നാള്‍ മുതല്‍ സോഷ്യല്‍ മീഡിയ ഏറ്റവുമധികം ട്രോളിന് വിധേയനായ താരമാണ് അര്‍ജന്‍റീനയുടെ മെസി. റഷ്യ ലോകകപ്പില്‍ ഐസ് ലാന്റിനെതിരായ ആദ്യ മത്സരം സമനിലയില്‍ പിരിയുകയും ക്രൊയേഷ്യയുമായുള്ള രണ്ടാം മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തതോടെ മെസിയെ ട്രോളന്മാര്‍ ട്രോളിക്കൊല്ലുകയും ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ പണ്ടെങ്ങോ പ്രസ്താവിച്ച വിരമിക്കല്‍ പ്രഖ്യാപനത്തെ ട്രോളന്മാര്‍ ആയുധമാക്കി. കഴിഞ്ഞ കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെ പരാജയപ്പെട്ടതോടെ മെസിയും മഷറാനോയുമടക്കം ഒരു സംഘം താരങ്ങള്‍ പ്രഖ്യാപിച്ച വിരമിക്കല്‍ ചര്‍ച്ചകളാണ് വീണ്ടും സജീവമായത്.


മെസിയുടെ നാലാമത്തെ ലോകകപ്പാണിത്. ഈ ലോകകപ്പിലും പുറത്തേക്കുള്ള വാതില്‍പ്പടിയില്‍ എത്തി നില്‍ക്കുകയാണ് അര്‍ജന്‍റീന. പരാജയപ്പെട്ടാല്‍ മെസി വിരമിക്കുമോയെന്ന്‍ ആരാധകരും വിമര്‍ശകരും ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ എല്ലാത്തരം ചര്‍ച്ചകള്‍ക്കും വിരാമമിട്ട് മെസി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.


'ലോകകപ്പ് ഉയര്‍ത്തുക എന്നത് എന്‍റെ എക്കാലത്തേയും സ്വപ്നമാണ്. ആ നേട്ടം ലക്ഷക്കണക്കിന്‌ വരുന്ന എന്‍റെ നാട്ടിലെ ജനങ്ങളെ ആവേശകരമാക്കും. അതുകൊണ്ടുതന്നെ അത്ര എളുപ്പം ഉപേക്ഷിക്കാവുന്ന സ്വപ്നമല്ല അത്. പ്രധാന ടൂര്‍ണമെന്റുകള്‍ പലതും ഞാന്‍ നേടി. എന്നാല്‍ ഏറ്റവും മികച്ചത് നേടുന്നതാണ് സ്വപ്നം. ലോകചാമ്പ്യനാവാതെ എന്‍റെ കരിയറില്‍ നിന്ന്‍ വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നതേയില്ല'. മെസി വ്യക്തമാക്കി.


എന്നാല്‍ നൈജീരിയയുമായി നാളെ മത്സരത്തിനിറങ്ങുന്ന അര്‍ജന്‍റീനയുടെ ലോകകപ്പ് ഭാവി അനിശ്ചിതത്വത്തിലാണ്. അതുകൊണ്ടുതന്നെ മെസിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകവുമാണ് നാളത്തെ മത്സരം.