ദേശീയ കായിക പുരസ്കാരങ്ങള്‍ 2018: കോഹ്ലിക്കും ചാനുവിനും ഖേൽരത്ന
ഏഷ്യൻ ഗെയിംസിൽ ഇരട്ടമെഡൽ സ്വന്തമാക്കിയ മലയാളി താരം ജിൻസൻ ജോൺസൺ ഉൾപ്പെടെ 20 താരങ്ങൾ അർജുന പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂഡൽഹി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി, ഭാരോദ്വഹന ലോക ചാമ്പ്യന്‍ മീരാഭായ് ചാനു എന്നിവരാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യൻ ഗെയിംസിൽ ഇരട്ടമെഡൽ സ്വന്തമാക്കിയ മലയാളി താരം ജിൻസൻ ജോൺസൺ ഉൾപ്പെടെ 20 താരങ്ങൾ അർജുന പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.
കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം മലയാളിയായ മുൻ ഹൈജംപ് താരം ബോബി അലോഷ്യസിനാണ് ലഭിക്കുക.
സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്രസിംഗ് ധോണി എന്നിവർക്ക് ശേഷം ഖേൽരത്‌ന പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‍ലി. സച്ചിൻ 1997ലും ധോണി 2007ലുമാണ് പുരസ്കാരം നേടിയത്.
അതേസമയം കർണം മല്ലേശ്വരി, കുഞ്ജറാണി ദേവി എന്നിവർക്ക് ശേഷം ഭാരോദ്വഹന മേഖലയിൽ നിന്ന് രാജ്യത്തെ പരമോന്നത കായിക ബഹുമതി നേടുന്ന ആദ്യ താരമായി മീരാഭായ് ചാനു.
ജസ്റ്റിസ് മുകുള്‍ മുഡ്‌ഗൽ അദ്ധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ നടപടി. 7.5 ലക്ഷം രൂപയാണ് ഖേൽ രത്‌ന പുരസ്കാര തുക.
അർജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാർഡ് ജേതാക്കൾക്ക് 5 ലക്ഷം രൂപയും ലഭിക്കും. 25ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കു൦.
മറ്റു പുരസ്കാരങ്ങൾ:
∙ ധ്യാൻചന്ദ് പുരസ്കാരം
ബോബി അലോഷ്യസ് (അത്‌ലറ്റിക്സ്), ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആർച്ചറി), ദാദു ചൗഗുലേ (ഗുസ്തി).
∙ ദ്രോണാചാര്യ പുരസ്കാരം
വിജയ് ശർമ (ഭാരോദ്വഹനം), തരക് സിൻഹ (ക്രിക്കറ്റ്), ക്ലാരൻസോ ലോബോ (ഹോക്കി), ജീവൻ ശർമ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്‌സിങ്), ശ്രീനിവാസ റാവു (ടേബിൾ ടെന്നിസ്). സുഖ്ദേവ് സിങ് പാന്നു (അത്‍ലറ്റിക്സ്), വി.ആർ. ബീഡു (അത്‍ലറ്റിക്സ്
∙ അർജുന അവാർഡ്
നീരജ് ചോപ്ര, ജിൻസൻ ജോൺസൺ, ഹിമ ദാസ് (അത്‌ലറ്റിക്സ്), എൻ. സിക്കി റെഡ്ഡി (ബാഡ്മിന്റൻ), സതീഷ്കുമാർ (ബോക്‌സിങ്), സ്മൃതി മന്ഥന (ക്രിക്കറ്റ്), ശുഭാംഗർ ശർമ (ഗോൾഫ്), മൻപ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സർനോബത്ത്, അങ്കുർ മിത്തൽ, ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യൻ (ടേബിൾ ടെന്നിസ്), രോഹൻ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാൻ (വുഷു), അങ്കുർ ധാമ (പാര അത്‌ലറ്റിക്‌സ്), മനോജ് സർക്കാർ (പാരാ–ബാഡ്മിന്റൻ).