ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്താന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ 62 റണ്‍സിന്റെ പരാജയമാണ് പാകിസ്താന് ഏറ്റുവാങ്ങേണ്ടി വന്നത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 368 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 45.3 ഓവറില്‍ 305 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും ഇമാം ഉള്‍ ഹഖും പാകിസ്താന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. അബ്ദുള്ള ഷഫീഖ് 61 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ ഇമാം ഉള്‍ ഹഖ് 71 പന്തില്‍ 70 റണ്‍സ് നേടി. നായകന്‍ ബാബര്‍ അസം 18 റണ്‍സിന് പുറത്തായത് പാക് ടീമിനെ പ്രതിരോധത്തിലാത്തി. ഫോമിലുള്ള മുഹമ്മദ് റിസ്വാന്‍ പിടിച്ചു നിന്നെങ്കിലും 46 റണ്‍സില്‍ നില്‍ക്കെ സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 


ALSO READ: 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം; പാലക്കാടിന് ഹാട്രിക് കിരീടം


അപകടം വിതയ്ക്കാന്‍ കഴിവുള്ള താരങ്ങളായ സൗദ് ഷക്കീലും (30) ഇഫ്തിഖാര്‍ അഹമ്മദും (26) നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ മടങ്ങിയതോടെ പാകിസ്താന്റെ സ്വപ്‌നം പൊലിഞ്ഞു തുടങ്ങിയിരുന്നു. 42-ാം ഓവറില്‍ റിസ്വാന്‍ പുറത്താകുന്നത് വരെ പാകിസ്താന് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. പിന്നീട് പാകിസ്താന്റെ വാലറ്റത്തെ ഓസീസ് അനായാസം കൂടാരം കയറ്റി. 


ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. നായകന്‍ പാറ്റ് കമ്മിന്‍സും മാര്‍ക്കസ് സ്റ്റോയിനിസും 2 വിക്കറ്റുകള്‍ വീതവും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 


തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. നിലവില്‍ 4 മത്സരങ്ങളില്‍ 2 വിജയവും 2 പരാജയങ്ങളുമായി 4-ാം സ്ഥാനത്താണ് മഞ്ഞപ്പട. അതേസമയം, ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലും രണ്ട് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ പാകിസ്താന്‍ ഓസീസിന് പിന്നില്‍ അഞ്ചാം സ്ഥാനത്താണ്. കളിച്ച 4 മത്സരങ്ങളിലും വിജയിച്ച ന്യൂസിലന്‍ഡും ഇന്ത്യയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 3 മത്സരങ്ങളില്‍ 2 വിജയങ്ങളുള്ള ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.