മുംബൈക്കെതിരെ ബാറ്റുമായി കമ്മിൻസിന്റെ `ആറാട്ട്`... അതിവേഗ അർദ്ധസെഞ്ചുറിയിൽ റെക്കോഡിട്ട് ഓസീസ് താരം
15 പന്തില്‍ ആറ് സിക്‌സറും നാല് ഫോറും ഉൾപ്പെടെ 56 റണ്‍സുമായി കളിയവസാനിക്കുമ്പോഴും ക്രീസിൽ ഉറച്ചുനിന്നു കമ്മിന്‍സ്.
മുംബൈ ഇന്ത്യന്‍സ് പടുത്തുയർത്ത 162 റൺസ് എന്ന വിജയലക്ഷ്യം 4 ഓവർ ബാക്കി നിൽക്കെയാണ് നൈറ്റ് റൈഡേഴ്‌സ് മറികടന്നത്. അവസാന ഓവറിൽ പന്തെറിയാൻ വന്നപ്പോൾ പൊള്ളാർഡിന്റെ കയ്യിൽ നിന്നും കിട്ടിയത് ബാറ്റ് കൊണ്ട് തിരിച്ച് കൊടുത്ത പാറ്റ് കമ്മിൻസ് തന്നെയായിരുന്നു കളിയിലെ ഹീറോ.
14 പന്തിലാണ് തന്റെ വേഗമേറിയ അർധസെഞ്ചുറി പാറ്റ് നേടിയത്. ഇതോടെ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയിൽ കെ എൽ രാഹുലിന്റെ റെക്കോർഡിനൊപ്പമെത്തി പാറ്റ് കമ്മിൻസ്. ഏഴാമനായെത്തിയ പാറ്റ്, ജസ്പ്രിത് ബുമ്രയുടെ പന്തുകളെ ഫോറും സിക്സറും പറത്തി വരവറിയിച്ചു. തുടർന്ന് ബാറ്റിംഗ് വെടിക്കെട്ടിനായിരുന്നു മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 15 പന്തില്‍ ആറ് സിക്‌സറും നാല് ഫോറും ഉൾപ്പെടെ 56 റണ്‍സുമായി കളിയവസാനിക്കുമ്പോഴും ക്രീസിൽ ഉറച്ചുനിന്നു കമ്മിന്‍സ്. പാറ്റ് ബാറ്റുമായി ആറാടിയപ്പോൾ മൂന്നാം മത്സരമെങ്കിലും ജയിക്കാമെന്ന മുംബൈയുടെ പ്രതീക്ഷയാണ് അസ്തമിച്ചത്.
അതിവേഗ അർദ്ധസെഞ്ചുറി എന്ന റെക്കോർഡിനൊപ്പം മറ്റൊരു റെക്കോഡ് കൂടി കമ്മിൻസ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു ബൗളറിനെതിരെ ഒരൊറ്റ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിലാണ് കമ്മിൻസ് ഇടം പിടിച്ചത്. ഡാനിയേൽ സാംസിന്റെ പന്തുകൾ അതിർത്തി കടത്തിയ പാറ്റ് 35 റൺസാണ് ഒരൊറ്റ ഓവറിൽ അടിച്ചുകൂട്ടിയത്. ക്രിസ് ഗെയ്‌ലും രവീന്ദ്ര ജഡേജയുമാണ് ഈ പട്ടികയിൽ മുൻനിരയിലുള്ളത്. 2011ലെ സീസണിൽ കൊച്ചി ടസ്‌കേഴ്‌സിന്റെ ബൗളർ പ്രശാന്ത് പരമേശ്വരനെതിരെ 36 റൺസുമായാണ് വെസ്റ്റ് ഇന്ത്യൻ താരം ക്രിസ് ഗെയ്‌ൽ മുന്നിലെത്തിയത്. കഴിഞ്ഞ സീസണിൽ ആർസിബിയുടെ ഹർഷൽ പട്ടേലിന്റെ പന്തുകളിലാണ് ജഡേജ 36 റൺസിന് നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...