കാൾസനെ മൂന്നാമതും കെട്ടുകെട്ടിച്ച അത്ഭുത ബാലൻ... പ്രഗ്നാനന്ദ ട്രെൻഡിങ് ആകുന്നതിങ്ങനെ
വിശ്വനാഥൻ ആനന്ദ്, ഹരികൃഷ്ണൻ എന്നിവരാണ് ഇതിന് മുൻപ് ചെസിൽ മാഗ്‌നസ് കാൾസനെ തോൽപ്പിച്ചിട്ടുള്ളത്.
ചെസിലെ നമ്പർ വൺ, അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെ മൂന്ന് തവണയും തോൽപ്പിച്ച അത്ഭുത കരുക്കൾ നീക്കിയത് ഇന്ത്യയിൽ നിന്നുള്ള ഈ കൊച്ചുമിടുക്കനാണ്. 17 വയസുകാരനായ ആർ പ്രഗ‍്‍നാനന്ദ ആണ് കാൾസനെ മലർത്തിയടിച്ച ആ യുവപ്രതിഭ. മിയാമി വേദിയായ ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലാണ് ഒടുവിലായി ഈ പ്രതിഭയുടെ കരുക്കൾക്ക് മുൻപിൽ കാൾസന് കീഴടങ്ങേണ്ടി വന്നത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ പ്രഗ‍്‍നാനന്ദ വൈറലായി കഴിഞ്ഞു. കേരളത്തിലടക്കം ഇപ്പോൾ ട്രെൻഡിങ്ങ് ആകുന്നത് പ്രഗ‍്‍നാനന്ദയാണ്.
വിശ്വനാഥൻ ആനന്ദ്, ഹരികൃഷ്ണൻ എന്നിവരാണ് ഇതിന് മുൻപ് ചെസിൽ മാഗ്‌നസ് കാൾസനെ തോൽപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിംഗ്‌സ് മാസ്റ്റേഴ്സിലാണ് പ്രഗ‍്‍നാനന്ദയ്ക്ക് മുൻപിൽ കാൾസൻ ആദ്യം പരാജയപ്പെട്ടത്. ആഗോളതലത്തിൽ അത് വാർത്തയാകുകയും ചെയ്തിരുന്നു. 39 നീക്കങ്ങളിലൂടെയാണ് അന്ന് യുവപ്രതിഭ കാൾസനെ തോൽപ്പിച്ചത്. അന്ന് പ്രജ്ഞാനന്ദിന് 16 വയസ് മാത്രമായിരുന്നു. ഈ അത്ഭുത ബാലന്‍ രാജ്യത്തിന്‍റെ അഭിമാനമാകുമെന്ന് അന്നേ എല്ലാവരും പ്രവചിച്ചിരുന്നു.
മെയ് 20ന് ചെസ്സബിൾ മാറ്റേഴ്സ് ഓൺലൈൻ ടൂർണമെന്റിൽ വീണ്ടും പ്രഗ‍്‍നാനന്ദ എല്ലാവരെയും ഞെട്ടിച്ചു. ഇതോടെ 2022ല്‍ തന്നെ ലോക ഒന്നാം നമ്പറുകാരനായ കാൾസന് രണ്ടാമതും പരാജയം നേരിടേണ്ടി വന്നു. 2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് പ്രഗ്നാനന്ദ. പ്രഗ്നാന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്‌നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. വിശ്വനാഥന്‍ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്‌നാനന്ദ ചെസ് ലോകത്തേക്കെത്തിയത്. 3000 റേറ്റിങ് പോയിന്‍റാണ് തന്‍റെ സ്വപ്നമെന്നും ഒരിക്കല്‍ പ്രഗ്നാനന്ദ വ്യക്തമാക്കിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.