ഡൽഹിക്ക് ശിക്ഷ : റിഷഭ് പന്തിന് നൂറ് ശതമാനം മാച്ച് ഫീ പിഴ; ഗ്രൗണ്ടിലിറങ്ങിയ പ്രവീണ്‍ ആംറെയ്ക്ക് വിലക്ക് , നോ ബോൾ വിവാദം കൊഴുക്കുന്നു
ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്ത് മാച്ച് ഫീയുടെ മുഴുവന്‍ തുകയും പിഴയായി നല്‍കണം
ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സ് -ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ നോബോളിനെ ചൊല്ലിയുള്ള തർക്കത്തിൽ നടപടി. ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്ത് മാച്ച് ഫീയുടെ മുഴുവന്‍ തുകയും പിഴയായി നല്‍കണം. ഗ്രൗണ്ടിലേക്ക് ഇറങ്ങിയ അസിസ്റ്റന്റ് കോച്ചായ പ്രവീണ്‍ ആംറെയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്കും നേരിട്ടിരിക്കുയാണ്. ശാര്‍ദുല്‍ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. മത്സരത്തിലെ വിലക്കിനൊപ്പം പ്രവീണ്‍ ആംറെ മാച്ച് ഫീയുടെ 100 ശതമാനം പിഴയും അടക്കണം. നായകൻ റിഷഭ് പന്തിനും പ്രവീണ്‍ ആംറെയ്ക്കും എതിരെ നടപടി വരുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
അവസാന ഓവറില്‍ 36 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത്. മക്കോയുടെ ആദ്യ മൂന്ന് പന്തുകളും പവല്‍ ഗാലറിയിലേക്ക് പറത്തി. ഹിപ്പ് ഹൈ ഫുള്‍ ടോസ് ആയിരുന്ന മൂന്നാമത്തെ ഡെലിവറി നോബോള്‍ വിളിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ തയ്യാറായില്ല. ഇതിനെതുടർന്നാണ് ഡൽഹി ക്യാപിറ്റൽസ് പ്രകോപിതരായത്. ക്രീസിലുണ്ടായിരുന്ന ബാറ്റേഴ്‌സിനോട് ഡഗൗട്ടിലേക്ക് തിരികെ വരാന്‍ ഋഷഭ് പന്ത് ആവശ്യപ്പെടുകയും അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ ആമ്രെയെ നായകൻ ഗ്രൗണ്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ പ്രവീണ്‍ ആമ്രെയോട് ഗ്രൗണ്ടില്‍ വെച്ച് സംസാരിക്കാന്‍ തയ്യാറാകാത്ത അമ്പയര്‍മാര്‍ എത്രയും വേഗം ആമ്രെ ഗ്രൗണ്ട് വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.
വലിയ പ്രതിഷേധമാണ് സംഭവത്തിൽ ഉയരുന്നത്. അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്തും റിഷഭ് പന്തിന്റെ ഇടപെടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA