#SaveKochiTurf: കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് വേണ്ട, ക്യാമ്പയിനുമായി ഫുട്ബോള്‍ ആരാധകര്‍
ക്രിക്കറ്റിന്‍റെ ദൈവം ഫുട്ബോള്‍ കളിക്കാന്‍ തെരഞ്ഞെടുത്ത മൈതാനമാണ് കലൂര്‍ സ്റ്റേഡിയം. ആ മൈതാനത്തിന്‍റെ ചങ്കില്‍ കുഴി വെട്ടിക്കൊണ്ടാകരുത് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ആരാധകര്‍
കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഏകദിന മത്സരത്തിനായി കൊച്ചി സ്റ്റേഡിയം തെരഞ്ഞെടുത്തതിനെതിരെ ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം. ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിനായി വെട്ടിപ്പൊളിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് ഫുട്ബോള്‍ പ്രേമികള്‍ പറയുന്നു.
ക്രിക്കറ്റിനായി തയ്യാറാക്കിയിട്ടുള്ള തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞ് കൊച്ചിയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. കലൂര്‍ സ്റ്റേഡിയത്തെ ക്രിക്കറ്റിന്‍റെ പേരില്‍ നശിപ്പിക്കുന്നത് ഫുട്ബോളിനോട് ചെയ്യുന്ന അപരാധമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനായി രൂപമാറ്റം നടത്താന്‍ തീരുമാനിച്ചതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും രംഗത്തെത്തി. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാന്‍ ഹ്യൂമും സി.കെ വിനീതും പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി. സേവ് കൊച്ചി ടര്‍ഫ് എന്ന ഹാഷ്ടാഗ് ക്യാമ്പയിനും ഫുട്ബോള്‍ ആരാധകര്‍ ആരംഭിച്ചു കഴിഞ്ഞു.
രണ്ട് വര്‍ഷം മുന്‍പത്തെ കലൂര്‍ സ്റ്റേഡിയത്തിന്‍റെ ചിത്രം പങ്കു വച്ചുകൊണ്ടാണ് സി.കെ വിനീതിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നൂറുകണക്കിന് തൊഴിലാളികള്‍ ഫുട്ബോളിനായി മൈതാനം സജ്ജമാക്കുന്നതാണ് ചിത്രം. ഇവരുടെ ഈ പരിശ്രമം പാഴാക്കരുതെന്ന് വിനീത് അഭ്യര്‍ത്ഥിക്കുന്നു.
കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കണമെങ്കില്‍ സ്റ്റേഡിയത്തിന്‍റെ ഒത്ത നടുക്ക് പിച്ച് തയ്യാറാക്കേണ്ടി വരും. അതിനായി മൈതാനം വെട്ടിപ്പൊളിക്കുന്നത് ഫുട്ബോള്‍ കളികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള കലൂര്‍ സ്റ്റേഡിയത്തിന് കാര്യമായ കോട്ടം വരുത്തും. ഇത് സംഭവിക്കരുതെന്നാണ് ഫുട്ബോള്‍ ആരാധകരുടെ ആവശ്യം.
ക്രിക്കറ്റ് അസോസിയേഷന്‍ മാറിചിന്തിക്കണമെന്ന് ക്യാമ്പയിന്‍ പങ്കെടുത്തുകൊണ്ട് റേഡിയോ ജോക്കി അരുണ്‍ അഭ്യര്‍ത്ഥിക്കുന്നു. ക്രിക്കറ്റിന്‍റെ ദൈവം ഫുട്ബോള്‍ കളിക്കാന്‍ തെരഞ്ഞെടുത്ത മൈതാനമാണ് കലൂര്‍ സ്റ്റേഡിയം. ആ മൈതാനത്തിന്‍റെ ചങ്കില്‍ കുഴി വെട്ടിക്കൊണ്ടാകരുത് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കേണ്ടതെന്ന് അരുണ്‍ പറയുന്നു.