Sourav Ganguly Tweet : ഗാംഗുലി ബിജെപി ബംഗാൾ ഘടകത്തിന്റെ അധ്യക്ഷനാകുമോ? താരത്തിന്റെ ട്വീറ്റിന് പിന്നാലെ ചർച്ച
Saurav Ganguly Joining Politics ബംഗാളിൽ ഏറ്റവും പ്രമുഖമായ ഒരു മുഖമായതിനാൽ താരത്തിന്റെ തീരുമാനം രാഷ്ട്രീയ പ്രവേശനമാണെങ്കിൽ അത് സൃഷ്ടിക്കുന്നത് മറ്റൊരു വാർത്ത ഭൂകമ്പമായിരിക്കും.
കൊൽക്കത്ത : ക്രിക്കറ്റ് കരിയർ 30 വർഷം പിന്നിട്ടതിന് പിന്നാലെ എന്താണെന്ന് വെളിപ്പെടുത്താത്ത ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. തന്റെ ജീവിതത്തിൽ പുതിയ ഒരു അധ്യായം ആരംഭിക്കുന്നതായി താരം തന്നെയാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലുള്ള ചർച്ചകൾ ഉടലെടുക്കുകയും ചെയ്തു.
"1992 ആരംഭിച്ച ക്രിക്കറ്റിനൊപ്പമുള്ള യാത്ര 2022ൽ 30 വർഷം തികയുകയാണ്. ഇതുവരെ ക്രിക്കറ്റ് ഒരുപാട് കാര്യങ്ങൾ എനിക്ക് നൽകി. പ്രധാനമായും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എനിക്ക് ക്രിക്കറ്റ് നൽകി. എന്റെ ഈ യാത്രയുടെ ഭാഗമായിരുന്നവരും പിന്തുണച്ചവരും സഹായിച്ചവരുമായ ഓരോ വ്യക്തികൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്ന്, കൂടുതൽ പേർക്ക് സഹായകമാകുമെന്ന് എനിക്ക് തോന്നുന്ന ഒരു പുതിയ കാര്യം ആരംഭിക്കാൻ പദ്ധതിയിടുകയാണ്. എന്റെ ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു" സൗരവ് ഗാംഗുലി ട്വിറ്ററിൽ പങ്കുവെച്ച് കുറിപ്പ്
താരം രാഷ്ട്രീയ പ്രവേശനമാണ് തന്റെ ട്വീറ്റിലൂടെ ഉദ്ദേശിച്ചെങ്കിൽ ഏത് കക്ഷിയിലേക്കാകും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അധ്യക്ഷൻ ചേരുക എന്നതാണ് എല്ലാവരിലും ഉടലെടുത്തിരിക്കുന്ന സംശയം. ബംഗാളിൽ ഏറ്റവും പ്രമുഖമായ ഒരു മുഖമായതിനാൽ താരത്തിന്റെ തീരുമാനം രാഷ്ട്രീയ പ്രവേശനമാണെങ്കിൽ അത് സൃഷ്ടിക്കുന്നത് മറ്റൊരു വാർത്ത ഭൂകമ്പമായിരിക്കും. അതുകൊണ്ട് നിലവിൽ ബംഗാളിലെ പ്രമുഖ പാർട്ടികളായ ടിഎംസിയോ അതോ ബിജെപിയോ ആരാകും താരത്തെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കുക എന്ന് കാത്തിരിക്കുകയാണ് വാർത്തലോകം.
കഴിഞ്ഞ കുറെ നാളുകളായി ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനം പല മേഖലകളിലായി ചർച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഗാംഗുലിയുടെ ബാംഗാളിലെ വീട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അത്താഴ വിരുന്നിന് പങ്കെടുത്തത്. അമിത് ഷായ്ക്കൊപ്പം ബംഗാളിലെ ബിജെപി നേതാക്കളായ സ്വപൻ ദാസ്ഗുപ്ത, അമിത് മാല്വിയ തുടങ്ങിയരവും അത്താഴ വിരുന്നിൽ ഗാംഗുലിയുടെ വീട്ടിലെത്തിയിരുന്നു. ശേഷം ഗാംഗുലി ബിജെപിയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയും ചെയ്തു.
ALSO READ : IPL 2022 : പിങ്ക് ജേഴ്സി എവിടെ? സ്റ്റാർ സ്പോർട്സിനെ ഓർമപ്പെടുത്തി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത
എന്നാൽ ഇതിന് പിന്നാലെ ത്രിണമൂൽ കോൺഗ്രസ് നേതാക്കന്മാർക്കൊപ്പവും ഗാംഗുലി അത്താഴ കൂടിക്കാഴ്ച നടത്തി. ബംഗാൾ മുഖ്യമന്ത്രി തനിക്ക് വ്യക്തിപരമായി ഏറ്റവും അടുത്ത് അറിയാവുന്ന ഒരാളാണെന്ന് ഗാംഗുലി വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ അന്ന് തന്നെ താൻ ബിജെപി ചേരുമെന്നുള്ള വാർത്തയും ബിസിസിഐ അധ്യക്ഷൻ തള്ളിയിരുന്നു. 2008 മുതൽ അമിത് ഷായെ നേരിട്ട് അറിയാം, ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ഇടയ്ക്ക് കൂടിക്കാഴ്ച നടത്താറുണ്ടെന്നും എന്നാൽ അതിൽ കൂടുതൽ വേറെ ഒന്നുമില്ല എന്നായിരുന്നു ഗാംഗുലി അറിയിച്ചത്.
ഗാംഗുലിയെ ബംഗാൾ ബിജെപിയുടെ മുഖമാക്കാനാണ് ബിജെപി കേന്ദ്രം നേതൃത്വം ലക്ഷ്യം വെക്കുന്നത്. നിലവിൽ ബിജെപിക്ക് ജനപിന്തുണ ബംഗാളിൽ ഉണ്ടെങ്കിലും ഒരു മുഖം ഇല്ലാത്തത് ദേശീയ പാർട്ടിയെ വലയ്ക്കുന്നുണ്ട്. ബംഗാൾ ജനതയുടെ ആരാധന കഥാപാത്രത്തെ പാർട്ടിയിലേക്കെത്തിച്ച് സംസ്ഥാനത്തെ ടിഎംസിയുടെ അപ്രമാദിത്വത്തെ അവസാനിപ്പിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടി ലക്ഷ്യംവെക്കുന്നത്. ഇനി അഥവാ ഗാംഗുലി ടിഎംസിലേക്കാണെങ്കിലോ അവിടെ മമത ബാനർജിയുടെ നിഴലായി മാത്രമെ താരം മാറുകയുള്ളു.
ALSO READ : MS Dhoni: തല ധോണി തന്നെ! വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ
അതേസമയം ഗാംഗുലി ബിസിസിഐയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടില്ലയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സെക്രട്ടറി ജയ് ഷാ അറിയിച്ചതായി വാർത്ത ഏജൻസിയായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇനി അഥവാ താരത്തിന്റെ രാഷ്ട്രീയ പ്രവേശനമല്ല, വേറെയെന്താകും ഗാംഗുലിയുടെ സർപ്രൈസ് എന്നും കാത്തിരിക്കുന്ന നിരവധി പേരുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.