New Delhi: രാജ്യത്ത് നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചില അത്‌ലറ്റുകൾ രാജ്യത്ത് എത്തിക്കുന്നതായി ഇതിഹാസ ലോംഗ് ജംപ് താരവും അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്‍റുമായ അഞ്ജു ബോബി ജോർജ്ജ്. എഎഫ്‌ഐയുടെ രണ്ട് ദിവസത്തെ വാർഷിക പൊതുയോഗത്തിലായിരുന്നു അഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തെ ചില അത്‌ലറ്റുകൾ തങ്ങളുടെ പ്രകടനം മികച്ചതാക്കുന്നതിനായി നിരോധിക്കപ്പെട്ട മരുന്നുകള്‍ കൊണ്ടുവരുന്നുവെന്നും അവ വിതരണം ചെയ്യുന്നുണ്ടെന്നും അഞ്ജു ആരോപിച്ചു. 'ഉത്തേജകമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട പല കായികതാരങ്ങളും കഴിക്കുന്ന മരുന്നുകളിൽ പലതും ഇന്ത്യയില്‍ ലഭ്യമല്ല. രാജ്യത്ത് നിരോധിച്ച ഈ മരുന്നുകള്‍ വിദേശത്ത് നിന്നാണ് വരുന്നത്', പ്രശസ്ത പരിശീലക കൂടിയായ അഞ്ജു ജനറൽ ബോഡിയെ അറിയിച്ചു.
"യുവ അത്‌ലറ്റുകൾക്ക് നിരോധിത മരുന്നുകൾ നൽകുന്നത് പരിശീലകർ മാത്രമല്ല, പരിശീലനത്തിനായി വിദേശത്തേക്ക് പോകുന്ന ചില കായികതാരങ്ങൾ ഇത്തരം മരുന്നുകള്‍ വാങ്ങുകയും മറ്റുള്ളവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം," അഞ്ജു പറഞ്ഞു.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (National Anti-Doping Agency (NADA) മുമ്പത്തേക്കാൾ തീവ്രമായ ഉത്തേജക പരിശോധന നടപ്പാക്കുമെന്ന് AFI പ്രസിഡന്‍റ് ആദിൽ സുമാരിവാല അത്ലറ്റുകള്‍ക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുകയും പിന്നീട് നിരപരാധിയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന നാടകം അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളെ കണ്ടെത്താനും അവരെ തടയാനും സാധിക്കും വിധത്തില്‍ കൂടുതൽ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തുകൊണ്ട് NADA അതിന്‍റെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും സുമാരിവാല കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് ഉപയോഗത്തോട് അല്പം പോലും സഹിഷ്ണുത ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.
ജൂനിയർ മീറ്റുകളിലും ജില്ലാ, സംസ്ഥാന തല മീറ്റുകളിലും ഉത്തേജക മരുന്ന് പരിശോധന നടത്താൻ നാഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എന്നെങ്കിലും പിടിക്കപ്പെട്ടാല്‍ നിങ്ങളുടെ കായിക ജീവിതം എന്നെന്നേയ്ക്കുമായി അവസാനിക്കും, അദ്ദേഹം താക്കീത് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...