ഷാര്‍ജ: അവസാന ഓവറിലേക്ക് നീണ്ട തകർപ്പൻ മത്സരത്തിൽ ശ്രീലങ്കയെ (SriLanka) തകര്‍ത്ത് ദക്ഷിണാഫ്രിക്ക (South Africa). ഒരു പന്ത് ബാക്കിനില്‍ക്കേ നാലു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ (Wanindu Hasaranga) ട്വന്റി20 ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക്കുമായി (Hatrick) ഞെട്ടിച്ചെങ്കിലും, അവസാന ഓവറിൽ ഡേവിഡ് മില്ലർ – കഗീസോ റബാദ സഖ്യത്തിന്റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കേ ലഹിരു കുമാരയെ രണ്ടു തവണ അതിര്‍ത്തി കടത്തിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 13 പന്തുകള്‍ നേരിട്ട മില്ലര്‍ 23 റണ്‍സുമായും റബാദ 13 റൺസുമായും പുറത്താകാതെ നിന്നു.  46 പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.


Also Read: T20 World Cup 2021 : ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഭേദമായി, താരം ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിന് ഇറങ്ങിയേക്കും


143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ഓവറില്‍ ഇരട്ട പ്രഹരമേറ്റു. ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ (11) മടക്കിയ ദുഷ്മാന്ദ ചമീര, നാലാം പന്തില്‍ മറ്റൊരു ഓപ്പണറായ ക്വിന്റണ്‍ ഡിക്കോക്കിനെയും (12) പവലിയനിലെത്തിച്ചു. പിന്നാലെ ടെംബ ബവുമയും റസ്സി വാന്‍ഡെര്‍ ദസ്സനും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിക്കവെ എട്ടാം ഓവറില്‍ വാന്‍ഡെര്‍ ദസ്സന്‍ (16) റണ്ണൗട്ടായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. 


എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ബവുമ - ഏയ്ഡന്‍ മാര്‍ക്രം സഖ്യം 47 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്‌കോര്‍ 96-ല്‍ എത്തിച്ചു. 20 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത മാര്‍ക്രത്തെ ഹസരംഗ 15-ാം ഓവറില്‍ മടക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. നിലയുറപ്പിച്ച ബവുമയെ 18-ാം ഓവറില്‍ ഹസരംഗ മടക്കി. തൊട്ടടുത്ത പന്തില്‍ ഡ്വെയ്ന്‍ പ്രെറ്റോറിയസിനെയും (0) മടക്കിയ ഹസരംഗ ഹാട്രിക്ക് തികച്ചു. ഒടുവില്‍ മില്ലറും കഗിസോ റബാദയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രൂപ്പിലെ രണ്ടാം ജയം സമ്മാനിക്കുകയായിരുന്നു. 


Also Read: T20 World Cup : പാകിസ്ഥാനെതിരെയുള്ള തോൽവി, മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ 142 റണ്‍സിന് പുറത്തായി. ഓപ്പണര്‍ പാതും നിസങ്കയുടെ അര്‍ധസെഞ്ചുറി കരുത്തിലാണ് ലങ്ക142 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കക്കായി തബ്രൈസ് ഷംസിയും പ്രിട്ടോറിയസും മൂന്ന് വിക്കറ്റ് വീതമെടുത്തു. 58 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 72 റണ്‍സെടുത്ത നിസ്സങ്ക 19-ാം ഓവറിലാണ് പുറത്തായത്. 


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം ഓവറില്‍ തന്നെ ആന്റിച്ച് നോര്‍ക്യ കുശാല്‍ പെരേരയെ (7) മടക്കി. ഒമ്പതാം ഓവറില്‍ ഫോമിലുള്ള ചരിത് അലങ്ക റണ്ണൗട്ടായതോടെ ലങ്ക ഞെട്ടി. കഴിഞ്ഞ മത്സരങ്ങളില്‍ ലങ്കയുടെ സ്‌കോറിങ്ങില്‍ നിര്‍ണായകമായത് അസലങ്കയായിരുന്നു. 14 പന്തില്‍ നിന്ന് 21 റണ്‍സുമായി മികച്ച സ്‌കോറിലേക്ക് കുതിക്കവെയാണ് അസലങ്ക ദൗര്‍ഭാഗ്യകരമായി റണ്ണൗട്ടാകുന്നത്. 


പിന്നാലെയെത്തിയ ഭാനുക രജപക്സയെ (0) നിലയുറപ്പിക്കും മുമ്പേ തബ്റൈസ് ഷംസി മടക്കി. പിന്നാലെ അവിഷ്‌ക ഫെര്‍ണാണ്ടോയും (3) ഷംസിക്ക് മുന്നില്‍ വീണു. വാനിന്ദു ഹസരംഗ (4), ക്യാപ്റ്റന്‍ ദസുന്‍ ഷാനക (11)  എന്നിവരും പരാജയമായി. ചാമിക കരുണരത്നെ (5), ദുഷ്മാന്ദ ചമീര (3), ലഹിരു കുമാര (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കുമാര ഇന്നിങ്സിന്റെ അവസാന പന്തില്‍ റണ്ണൗട്ടായി.


ദക്ഷിണാഫ്രിക്കക്കെതിരെയ ഹാട്രിക്(Hat-Trick) നേടിയ ഹസരങ്ക (Hasaranga) ടി20 ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 2007ലെ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീയും (Brett Lee) ഈ ലോകകപ്പിന്‍റെ യോഗ്യതാ റൗണ്ടില്‍ നെതര്‍ല്‍ന്‍ഡ്സിന്‍റെ (Netherlands) കര്‍ടിസ് കാംഫറുമാണ് ലോകകപ്പില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ മറ്റ് ബൗളര്‍മാര്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.