ദുബായ്: ട്വന്റി-20 ലോകകപ്പില്‍ (T20 WorldCup) സെമി ഫൈനല്‍ സാധ്യതകള്‍ നിലനിർത്തി ഓസ്ട്രേലിയ (Australia). സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ (Bangladesh) എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ തകർത്തത്. 82 പന്ത് ശേഷിക്കെയാണ് ഓസീസിന്റെ വിജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 74 റൺസ് വിജയലക്ഷ്യം 6.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

18 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെയും 40 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മിച്ചല്‍ മാര്‍ഷും (16) ഗ്ലെന്‍ മാക്‌സ്‌വെല്ലും പുറത്താകാതെ നിന്നു. 14 പന്തില്‍ മൂന്നു ഫോറിന്റെ അകമ്പടിയോടെയാണ് വാര്‍ണറുടെ 18 റണ്‍സ്. 20 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതമാണ് ഫിഞ്ച് 40 റണ്‍സ് അടിച്ചെടുത്തത്. 


Also Read: Ind vs NZ T20 World Cup | ന്യൂസിലന്റിനോട് തോൽവി വഴങ്ങി ഇന്ത്യ          


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 15 ഓവറില്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി.19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ടോപ്പ് സ്‌കോറര്‍. ഓസീസിനായി ആദം സാംപ അഞ്ചു വിക്കറ്റ് വീഴ്ത്തി.


നേരത്തെ 19 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ആദം സാംപയുടെ സ്പിന്‍ മികവിന് മുന്നിലാണ് ബം​ഗ്ലാദേശ് തകര്‍ന്നടിഞ്ഞത്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ നഷ്ടപ്പെട്ട ബംഗ്ലാദേശ് പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍ അഞ്ച് റണ്‍സിന് പുറത്തായപ്പോള്‍ ഒരു റണ്ണായിരുന്നു മുഷ്ഫിഖുര്‍ റഹീമിന്റെ സമ്പാദ്യം. 


Also Read: T-20 Worldcup|കിവീസിനോട് പൊരുതിത്തോറ്റ് സ്കോട്ലൻഡ്; ന്യൂസിലന്‍ഡിന് രണ്ടാം ജയം


‌മഹ്മൂദുള്ള 16 റണ്‍സിനും മുഹമ്മദ് നയീം 17 റണ്‍സിനും പുറത്തായി. ആഫിഫ് ഹുസൈനും ഷരീഫുല്‍ ഇസ്ലാമും മെഹ്ദി ഹസ്സനും പൂജ്യത്തിന് പുറത്തായി. തസ്‌കിന്‍ അഹമ്മദ് ആറു റണ്‍സും മുസ്തഫിസുര്‍ റഹ്മാന്‍ നാല് റണ്‍സും നേടി. 


നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് സാംപ അഞ്ച് വിക്കറ്റെടുത്തത്. ജോഷ് ഹെയ്സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റ് വീതം നേടി. ഗ്ലെന്‍ മാക്സ്വെൽ ഒരു വിക്കറ്റെടുത്തു. 


ജയത്തോടെ നാല് കളികളില്‍ ആറ് പോയന്‍റുമായി ദക്ഷിണാഫ്രിക്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗ്രൂപ്പ് ഒന്നില്‍ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സെമി ഫൈനല്‍ കാണാതെ പുറത്തായി. ഈ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു. 


അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് (South Africa) ഇംഗ്ലണ്ടിനെ (England) തോല്‍പ്പിച്ചാല്‍ മാത്രമെ സെമിയിലേക്ക് കടക്കാനാകൂ. അതേസമയം വെസ്റ്റ് ഇന്‍ഡീസാണ് (West Indies) ഓസീസിന്‍റെ അവസാന മത്സരത്തിലെ എതിരാളികള്‍.