മുംബൈ: പേസ് ബൗളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ മൂന്ന് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. മൊത്തം അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്. പരമ്പരയിലെ ആദ്യ ഏകദിനം ഈ മാസം 17ന് ചെന്നൈയില്‍ നടക്കും.


ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
  
രവീന്ദ്ര ജഡേജക്കും രവിചന്ദ്രന്‍ അശ്വിനും വിശ്രമം അനുവദിച്ചു. മുതിർന്ന താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവർ ഇത്തവണയും പുറത്തായി. 


2019 ലോകകപ്പ് ലക്ഷ്യമാക്കി ടീം പിന്തുടരുന്ന റൊട്ടേഷൻ സമ്പ്രദായമനുസരിച്ചാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് പ്രകാരമാണ് അശ്വിനും ജഡേജയ്ക്കും വിശ്രമം അനുവദിച്ചതെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് അറിയിച്ചു.  


ടീം ഇന്ത്യ- വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈ.ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, അജിങ്ക്യാ രഹാനെ, എം. എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.