ന്യൂഡല്‍ഹി: തന്‍റെ ജീവിതത്തിലെ ഇരുണ്ട അദ്ധ്യായങ്ങളിലേയ്ക്ക് വീണ്ടും കണ്ണോടിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് താരം  മുഹമ്മദ്​ ഷമി...!!


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളും വിഷാദവും മൂലം മൂന്നുതവണ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ചിരുന്നതായി ഷമി വെളിപ്പെടുത്തി.  സഹതാരം രോഹിത്​ ശര്‍മയുമായി നടത്തിയ ഇന്‍സ്​റ്റഗ്രാം ചാറ്റ്​ ഷോയിലാണ്​ ഷമിയുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.


'2015 ലോകപ്പി​നിടെ ​ പരിക്കേറ്റു. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞതും ഒപ്പം സംഘര്‍ഷഭരിതമായ ഒരു  കാലഘട്ടം കൂടിയായിരുന്നു​ അത്. വീണ്ടും കളി തുടങ്ങിയപ്പോള്‍ ചില വ്യക്​തിപരമായ പ്രശ്​നങ്ങളിലൂടെ കടന്ന്​ പോകേണ്ടി വന്നു.  കു​ടുംബത്തിന്‍റെ പിന്തുണയില്ലായിരുന്നെങ്കില്‍  കരിയര്‍ തന്നെ നഷ്​ടമായേനെ. മൂന്ന്​ തവണയാണ്​  ആത്മഹത്യയെക്കുറിച്ച്‌​ പോലും താന്‍ ചിന്തിച്ചത്​' ഷമി വെളിപ്പെടുത്തി.


'24ാം നിലയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. മാനസികവിഷമം മൂലം  ഞാന്‍ ബാല്‍ക്കണിയില്‍ നിന്നും എടുത്തുച്ചാടുമോയെന്ന് വരെ കുടുംബം ഭയന്നു. മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ എന്‍റെ രണ്ട്​ മൂന്ന്​ സുഹൃത്തുക്കള്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. കുടുംബം കൂടെയുണ്ടെങ്കില്‍ ഏത്​ സാഹചര്യത്തിലൂടെയും നമുക്ക്​ കടന്ന്​ പോകാം. അന്നവര്‍ കൂടെ നിന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ആ കടുംകൈ ചെയ്​തേനെ. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാതാപിതാക്കള്‍ എന്നെ ഉപദേശിച്ചു. ഡെറാഡൂണിലെ അക്കാദമിയില്‍ പരിശീലനം പുനരാരംഭിച്ച ഞാന്‍ ഏറെ വിയര്‍പ്പൊഴുക്കി' ഷമി പറഞ്ഞു.


2015 ലോകകപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു താരം പുറത്തായത്. ഇതിന് ശേഷം കുടുംബപ്രശ്‌നങ്ങള്‍ ഷമിയെ വലച്ചു. ഐപിഎല്‍ തുടങ്ങുന്നതിന് പത്തോ പന്ത്രണ്ടോ ദിവസം മുന്‍പ് വാഹനാപകടത്തില്‍പ്പെട്ടതും തിരിച്ചുവരവ് ശ്രമകരമാക്കി.  18 മാസങ്ങള്‍ക്ക്​ ശേഷമാണ്​ പരിക്ക്​ പൂര്‍ണമായി ഭേദമായത്.   ഒപ്പം അത്രയും സമയം നീണ്ട കഠിനാധ്വാനം നടത്തിയിട്ടാണ് താന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയതെന്ന് ഷമി പറയുന്നു.


തന്‍റെ കുടുംബപ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതും ഏറെ വിഷമിപ്പിച്ചെന്ന് മുഹമ്മദ് ഷമി പറഞ്ഞു.  2018ലാണ്​ ഗാര്‍ഹിക പീഢനം ആരോപിച്ച്‌​ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ കേസ്​ കൊടുത്തത്​.


അതേസമയം, lock down കാലത്ത്  സമൂഹമാധ്യമങ്ങളില്‍ പഴയ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. രോഹിത് ശര്‍മയാണ് ഇക്കൂട്ടത്തില്‍ മുമ്പന്‍.  പതിവായി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടാറുള്ള താരമാണ് രോഹിത് ശര്‍മ.