U19 World Cup 2022 | അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ
ഫെബ്രുവരി 2നാണ് സൂപ്പർ ലീഗ് സെമി ഫൈനൽ, ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ആദ്യ സെമിയിൽ ഏറ്റുമുട്ടും.
ആന്റിഗ്വ : അണ്ടർ 19 ലോകകപ്പിൽ (Under 19 World Cup 2022) നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ. സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചത്.
ടോസ് നേടി ആദ്യം പന്തെറിഞ്ഞ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരെ 111 റൺസിന് പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യൻ യുവ സംഘം 30 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സെമി ബെർത്ത് ഉറപ്പിക്കുകയും ചെയ്തു.
ഒത്തിണക്കത്തോടെയുള്ള ഇന്ത്യൻ ബോളിങ് നിരയുടെ പ്രകടനത്തിന് മുമ്പിൽ ചീട്ട് കൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു ബംഗ്ലാ ടീം. എട്ടാമനായി ക്രീസിലെത്തിയ മെഹെറൂബിന്റെ 30 റൺസ് ഇന്നിങ്സാണ് ബംഗ്ലേദേശിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ഇന്ത്യക്കായി രവി കുമാർ മൂന്നും വിക്കി ഒസ്ത്വാൾ രണ്ടും വിക്കറ്റുകൾ വീതം നേടി. രാജവർധൻ ഹംഗര്ഗേക്കർ, കൗശാൽ താംമ്പെ, അംഗ്കൃഷ് രഘുവംശി എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ അംഗ്കൃഷ് രഘുവംശിയുടെ ഇന്നിങ്സിൽ സുരിക്ഷതമായി ആദ്യ 70 റൺസ് 16 ഓവറിൽ സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള പത്ത് ഓവറിറുകളിൽ ഇന്ത്യക്ക് മേൽ ബംഗ്ലാ കടുവകൾ സമ്മർദം ചെലുത്തി ഓരോ ഇടവേളകളിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. എന്നാൽ സുരക്ഷിത അടിത്തറയുടെ പിൻബലത്തിൽ ഇന്ത്യൻ നായകൻ യാഷ് ധള്ളും താംബയും ചേർന്ന് വിജയലക്ഷ്യം കണ്ടെത്തുകയായിരുന്നു.
ബംഗ്ലദേശിനായി റിപ്പോൺ മോണ്ടെൽ നാല് വിക്കറ്റ് നേടി. തൻസിം ഹസൻ സക്കിബാണ് മറ്റൊരു വിക്കറ്റ് നേടിയത്.
ALSO READ : IPL 2022 | ലഖ്നൗ ഫ്രാഞ്ചൈസി ഇനി ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് എന്ന് അറിയപ്പെടും
ഇതോടെ 2020 ലോകകപ്പിലെ ഫൈനലിലെ തോൽവിക്ക് ഇന്ത്യക്ക് ബംഗ്ലദേശിനോട് മറുപടി നൽകാൻ സാധിച്ചു. ഫെബ്രുവരി 2നാണ് സൂപ്പർ ലീഗ് സെമി ഫൈനൽ, ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ആദ്യ സെമിയിൽ ഏറ്റുമുട്ടും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.