UEFA Champions League 2022 : ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരെ തകർത്ത് ലാലിഗാ വമ്പന്മാർ; സിറ്റിയും ലിവർപൂളും ഇന്ന് ഇറങ്ങും
UEFA Champions League ഒരുഘട്ടത്തിൽ എതിരാളികൾക്ക് സെമി പ്രവേശനം സ്വപ്നം നൽകിയതിന് ശേഷമാണ് റയലും വിയ്യറയലും അവ തച്ചുടച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് ഇടം നേടിയെടുത്തത്.
UEFA Champions League 2022 : യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയെയും 2020 സീസണിലെ ജേതാക്കളായ ബയൺ മ്യൂണിക്കിനെയും തകർത്ത് ലാലിഗാ ടീമുകളായ റയൽ മാഡ്രിഡും വിയ്യറയലും സെമി ഫൈനലിൽ. ക്വാർട്ടറിലെ രണ്ടാം മത്സരത്തിൽ ചെൽസിയോട് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 5-4 എന്ന അഗ്രിഗ്രേറ്റർ സ്കോറിൽ സെമിയിൽ പ്രവേശിക്കുകയായിരുന്നു റയൽ. ബുന്ദെസ് ലിഗയിലെ ഏകാധിപതിയായ ബയണിനെ സമനിലയിൽ തളച്ചാണ് വിയ്യറയലിന്റെ സെമി പ്രവേശനം. ആദ്യ പാദത്തിൽ ബയണിനെ സ്ഫാനിഷ് ടീം 1-0ത്തിന് അട്ടിമറിച്ചിരുന്നു.
ഒരുഘട്ടത്തിൽ എതിരാളികൾക്ക് സെമി പ്രവേശനം സ്വപ്നം നൽകിയതിന് ശേഷമാണ് റയലും വിയ്യറയലും അവ തച്ചുടച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് ഇടം നേടിയെടുത്തത്. ആദ്യപാദത്തിൽ ചെൽസിയെ അവരുടെ തട്ടകത്തിൽ 3-1ന് തകർത്ത ലാലിഗാ വമ്പന്മാർ രണ്ടാംപാദത്തിൽ ഇംഗ്ലീഷ് ടീമിന്റെ ആക്രമണത്തിന് മുമ്പിൽ പതറി പോകുകയായിരുന്നു. ആദ്യപകുതിയിൽ സ്ഫാനിഷ് പ്രതിരോധത്തെ തകർത്ത് ഇംഗ്ലീഷ് താരം മേസൺ മൗണ്ടാണ് ഇംഗ്ലീഷ് ടീമിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം പകതിയിൽ ചെൽസിയുടെ ജർമൻ താരങ്ങളായ അന്റോണിയോ റുഡ്ഡിഗറും ടിമോ വെർണറും ചേർന്ന് റയലിന്റെ വല കുലക്കിയപ്പോൾ ഇംഗ്ലീഷ് ടീം തുടർച്ചയായ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് സെമിയും സ്വപ്നം കണ്ടു.
ALSO READ : Champions League: ചാമ്പ്യൻസ് ലീഗ്; സെമി ഉറപ്പിക്കാൻ റയൽ മാഡ്രിഡും വിയ്യാറയലും കളത്തിലേക്ക്
മത്സരം അവസാനിക്കാൻ 15 നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ മാറ്റങ്ങൾ വരുത്തികൊണ്ട് റയൽ കോച്ച് കാർലോ അൻസിലോട്ടി സ്പാനിഷ് ടീമിന്റെ ആക്രമണങ്ങളിലെ വേഗത വർധിപ്പിച്ചു. 80-ാം മിനിറ്റിൽ റയലിന്റെ ക്രൊയേഷൻ മജീഷ്യൻ ലൂക്കാ മോഡ്രിച്ച് ഉയർത്തി നൽകിയ ചിപ്പിങ് പാസ് പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോ പിടിച്ചെടുത്ത് ഇംഗ്ലീഷ് ടീമിന്റെ വലയിലേക്ക് അനയാസമെത്തിക്കുകയായിരുന്നു. അഗ്രിഗേറ്റർ ഗോൾനില സമനിലയായതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. തുടർന്ന് 96-ാം മിനിറ്റിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ മുന്നേറ്റത്തിൽ ഫ്രഞ്ച് താരം ബെൻസീമ ഹെഡ്ഡറിലൂടെ റയലിന്റെ ലീഡ് ഉയർത്തുകയായിരുന്നു. ശേഷം ചെൽസി നിരവിധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവ ഒന്നും സ്പാനിഷ് വമ്പന്മാരുടെ വല കുലുക്കനായില്ല. അതോടെ റയൽ തങ്ങളുടെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള് ദൂരം കുറച്ചു.
ആദ്യപാദത്തിലെ ജയത്തിന് ശേഷം ബയണിനെ അവരുടെ തട്ടകത്തിലിട്ട് സമനിലയിൽ പൂട്ടിയാണ് വിയ്യറയൽ ചാമ്പ്യൻലീഗിന്റെ സെമിയിൽ എത്തിയത്. രണ്ടാം പകുതിയിൽ പോളിഷ് താരം റോബർട്ട് ലവൻഡോസ്കി ഗോൾ നേടി ആകെ ഗോൾ സ്കോറിൽ ബയണിന് സമനില നേടി കൊടുത്തു. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കവെ 88-ാം മിനിറ്റിൽ പകരക്കാരനായിയെത്തിയ നൈജീരിയൻ താരം സാമുവേൽ ചുക്വുസെ വിയ്യറയലിന് സെമി ടിക്കറ്റെടുത്ത് നൽകി. മത്സരത്തിൽ ഉടനീളം ജർമൻ അധിപത്യമായിരുന്നെങ്കിലും കോച്ച് ഉനെയ് എമിറി തീർത്ത കൃത്യതയാർന്ന പ്രതിരോധം ഭേദിക്കാൻ ബയണിനായില്ല. പ്രീ-ക്വാർട്ടറിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ തകർത്താണ് വിയ്യറയൽ ക്വാർട്ടറിലേക്കെത്തിയത്.
ചാമ്പ്യൻസ് ലീഗിൽ സെമിയിൽ ഇംഗ്ലീഷ് സാന്നിധ്യം ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇന്ന് ഇറങ്ങും. ലാലിഗാ ചാമ്പ്യന്മാരായ അത്ലെറ്റികോ മാഡ്രിഡാണ് സിറ്റിയുടെ എതിരാളി. ആദ്യപാദത്തിൽ സിറ്റി അത്ലെറ്റികോയെ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. പോർച്ചുഗീസ് ടീമായ ബെൻഫിക്കയാണ് ലിവർപൂളിന്റെ എതിരാളി. ആദ്യപാദത്തിൽ ഇംഗ്ലീഷ് ടീം ബെൻഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു. ഇന്ന് രാത്രി 12.30നാണ് ഇരു മത്സരങ്ങളും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.