കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശം ഒട്ടും ചെറുതല്ലയെന്ന്‍ പറയേണ്ട ആവശ്യമില്ലല്ലോ. ഓരോ മത്സരങ്ങളിലും മഞ്ഞപ്പടയെ പിന്തുണച്ച് മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുന്ന കരഘോഷത്തോടെ ഗ്യാലറിയില്‍ ടീമിന് നിറ പിന്തുണ അറിയിക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഐഎസ്എല്‍ സിസണില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഗ്യാലറിയിലേക്കുള്ള കുത്തൊഴുക്ക് ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാ വിഷയമായിരുന്നു. ഓരോ സീസണിലും അത്രക്ക് ആവേശം പകര്‍ന്ന് നല്‍കി കൊണ്ടാണ് ആരാധകര്‍ കളികാണാന്‍ എത്തുന്നത്.


എന്നാല്‍, ഇത്തവണ ഐഎസ്എല്ലിന് മുന്നോടിയായി നടക്കുന്ന ലാ ലിഗ മത്സരത്തിനായി ആരാധകര്‍ തയ്യാറെടുത്തു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങളില്‍ സ്റ്റേഡിയത്തിലെ പന്ത്രണ്ടാമനായെത്തുന്ന മഞ്ഞപ്പട ഇതാ ഈ വര്‍ഷം ബ്ലാസ്റ്റേഴ്‌സ് ടീമിനായി പുതിയ ചാന്റ് അവതരിപ്പിച്ചിരിക്കുകയാണ്. ടൊയൊട്ടാ യാരിസ് ലാലീഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായാണ് മഞ്ഞപ്പട തങ്ങളുടെ ടീമിന് വേണ്ടി പുതിയ ചാന്റ് അവതരിപ്പിച്ചിരിക്കുന്നത്.


നിറം മഞ്ഞയാണെ, മഞ്ഞക്കടലാണേ എന്ന് തുടങ്ങുന്ന ചാന്റ് സോംഗ് നാളെ കേരളാ ബ്ലാസ്റ്റേഴ്‌സും മെല്‍ബണ്‍ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെ ആരാധകര്‍ ഒരുമിച്ച് പാടണമെന്നും മഞ്ഞപ്പട ആഹ്വാനം ചെയ്യുന്നു. മുന്‍ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്ന ആരാധക പിന്തുണയ്ക്ക് ഇത്തവണയും മാറ്റമൊന്നുമുണ്ടാകില്ലെന്ന് തങ്ങളുടെ ഇത്തരം പുതിയ നീക്കങ്ങളിലൂടെ പ്രഖ്യാപിക്കുകയാണ് മഞ്ഞപ്പട.


വീഡിയോ കാണാം: 



അതേസമയം, ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും സംശയത്തിലാണ്. മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരെ ഗോള്‍കീപ്പറാക്കും എന്ന ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സാഹചര്യത്തില്‍ ആരെ ഗോള്‍യ.കീപ്പറാക്കണമെന്ന് ആരാധകരോട് ചോദിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. സമൂഹമാധ്യമങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് താഴെ ആരാധകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. ഇത്തവണ മൂന്നു ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരാണ് ടീമിനൊപ്പമുള്ളത്.


അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍വല കാത്ത ധീരജ് സിംഗ്, മുന്‍ എഫ് സി ഗോവാ താരം നവീന്‍ കുമാര്‍, മലയാളി താരം സുജിത്ത് ശശികുമാര്‍ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍മാര്‍. ഇവരില്‍ ആരെ ആദ്യ മത്സരത്തില്‍ കളിപ്പിക്കുമെന്നറിയാന്‍ വേണ്ടിത്തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്. സ്‌കോട്ടിഷ് ക്ലബ് മതര്‍വെല്ലില്‍ ട്രയല്‍സ് നടത്തിയതിന് ശേഷം ടീമിലെത്തിയ താരമാണ് ധീരജ് സിംഗ്.


ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ മലയാളം കമന്ററിയിലുള്ള സംപ്രേക്ഷണ അവകാശം ഇത്തവണ ഫ്‌ളവേഴ്‌സ് ചാനലിനാണ്. ഇതിന് പുറമേ ഹോട്ട്സ്റ്റാറിലൂടെ ഓണ്‍ലൈനായും മത്സരങ്ങള്‍ കാണാം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 24 മുതല്‍ 28 വരെയാണ് ടൊയോട്ട യാരിസ് ലാലീഗ വേള്‍ഡ് എന്ന പേരില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രീസീസണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ്, മെല്‍ബണ്‍ സിറ്റി എഫ് സി, ജിറോണ എഫ് സി എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മൊത്തം മൂന്ന് മത്സരങ്ങളാണുള്ളത്.


ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക. സി.കെ. വിനീത്, അനസ് എടത്തൊടിക, സക്കീര്‍ മുണ്ടംപറമ്പ എന്നിവരുള്‍പ്പെടെ പതിനോന്ന് മലയാളികള്‍ തിളങ്ങുന്ന മഞ്ഞപ്പടയുടെ കളത്തിലേക്കുള്ള രംഗപ്രവേശം ഉറ്റുനോക്കുകയാണ് ആരാധകര്‍.