Shane Warne Ball Of The Century : നൂറ്റാണ്ടിന്റെ പന്ത്; ക്രിക്കറ്റ് ലോകത്തെ ഒരു നിമിഷത്തേക്ക് സ്തബ്ധമാക്കിയ ഷെയ്ൻ വോൺ മായജാലം
1993-ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂൺ നാലിന് ക്രിക്കറ്റ്പ്രേമികൾ ഷെയ്ൻ വോണെന്ന സ്പിൻ മാന്ത്രികന്റെ വിരലുകളിൽ കറങ്ങി തിരിഞ്ഞ വിസ്മയത്തിന് സാക്ഷിയായി.
ക്രിക്കറ്റ് പന്തിൽ മായാജാലം തീർക്കുന്ന വോൺ. ഓസീസ് ഇതിഹാസത്തിന്റെ കുത്തിതിരിഞ്ഞ് ഓഫ് സ്റ്റമ്പിലേക്കും മിഡിൽ സ്റ്റമ്പിലേക്കും ലെഗ് സ്റ്റമ്പും ഇളകുന്ന പന്തുകൾ കായികപ്രേമികൾ അത്ഭുതത്തോടെയല്ലാതെ കണ്ടുനിന്നിട്ടില്ല. ഇതാ വീണ്ടും അതേ വോൺ ക്രിക്കറ്റ് ആരാധകരേ ഞെട്ടിച്ചു.. ആരോടും പറയാതെ ഒരു സൂചന പോലും നൽകാതെ വോൺ കായിക ലോകത്തിൽ നിന്ന് യാത്രയായി. ഹൃദയാഘാതത്തിലൂടെ വോണിനെ മരണം കട്ടെടുത്തപ്പോൾ നടുങ്ങിയത് ലോകം ഒന്നടങ്കമാണ്.
ഒരു സാധരണ സ്പിൻ ബൗളർ ആയിരുന്ന ഷെയ്ൻ വോണിന്റെ കരിയർ മാറ്റിമറിച്ച വർഷമാണ് 1993. ഒരു ക്രിക്കറ്ററിൽ നിന്ന് ലോകം വാഴ്ത്തുന്ന ഇതിഹാസ താരമായി വളർന്ന വർഷം. 1993-ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂൺ നാലിന് ക്രിക്കറ്റ്പ്രേമികൾ ഷെയ്ൻ വോണെന്ന സ്പിൻ മാന്ത്രികന്റെ വിരലുകളിൽ കറങ്ങി തിരിഞ്ഞ വിസ്മയത്തിന് സാക്ഷിയായി.
ക്രിക്കറ്റ് ലോകം നൂറ്റാണ്ടിന്റെ പന്തെന്ന് വിശേഷിപ്പിച്ച വോണിന്റെ മായാജാലം പിറന്നിട്ട് 27 വർഷവും തികഞ്ഞു. വോണിന്റെ കൈവിരലുകളിൽ ചുറ്റി തിരിഞ്ഞ പന്ത് അന്ന് വരെ സ്പിൻ ബൗളർമാർക്കെതിരെ മികച്ച റെക്കോഡുള്ള ഇംഗ്ലണ്ട് താരം മൈക്കൽ ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുതപ്പോൾ ഗാറ്റിങ്ങിനൊപ്പം ക്രിക്കറ്റ് ലോകവും ഒരു നിമിഷം സ്തബ്ധരായി.
ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ല എന്ന് തോന്നിച്ച ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് ഗാറ്റിങ്ങിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വിക്കറ്റ് നഷ്ടപ്പെട്ട് ഗാറ്റിങ് പവലിയനിലേക്ക് തിരിഞ്ഞ് നടക്കുമ്പോൾ ക്രിക്കറ്റ് ലോകം ആ പന്തിനെ നൂറ്റാണ്ടിന്റെ പന്തെന്ന് വിശേഷിപ്പിച്ചു.
അന്ന് ഗാറ്റിങ്ങിനെതിരേ പന്തെറിയാനെത്തുമ്പോൾ വോണിന്റെ സമ്പാദ്യം 11 ടെസ്റ്റുകളിൽ നിന്നായി 31 വിക്കറ്റുകൾ മാത്രമായിരുന്നു. എന്നാൽ ആ ടെസ്റ്റിൽ ആകെ എട്ടു വിക്കറ്റുകൾ വീഴ്ത്തിയ വോൺ 1993 ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിൽ നിന്നായി 35 വിക്കറ്റുകൾ പിഴുതു.
ഷെയ്ൻ വോൺ ആരാധകരെയും ലോകത്തെയും വിട്ട് യാത്രയായെങ്കിലും അദ്ദേഹതിന്റെ മാന്ത്രിക ബൗളിങും അത്ഭുത പന്തുകളും എക്കാലവും ക്രിക്കറ്റ് ഓർമ്മകളിൽ നിറഞ്ഞു നിൽക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.