Mumbai: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിരമിക്കല്‍ വേളയില്‍ തന്നെ കൈപിടിച്ച് നടത്തിയവര്‍ക്ക് അദ്ദേഹം നന്ദിയര്‍പ്പിച്ചു.  


"ഈ ദിവസം, ഞാന്‍ കളി നിര്‍ത്തുമ്പോള്‍, എത്ര ദൂരം എത്തിയെന്ന് വിലയിരുത്തുമ്പോള്‍, എന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്‍റെ അച്ഛന്‍ എന്‍റെ തൊട്ടരികില്‍ ഉണ്ടാകണമെന്നാണ്, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള എന്‍റെ യാത്ര അവസാനിക്കുമ്പോള്‍, എന്‍റെ ജീവിതത്തിലും കരിയറിലും ഒപ്പമുണ്ടായിരുന്നതുപോലെതന്നെ'', പാര്‍ത്ഥിവ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.


''ക്രിക്കറ്റിന്‍റെ (Cricket)  എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശ്ശീല വിഴുന്നു. ഒരുപാടുപേരോട് നന്ദിയും കടപ്പാടുമുണ്ട്. 17കാരനായ ബാലനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ കാട്ടിയ ആത്മവിശ്വാസം, എന്നെ കൈപിടിച്ചു നടത്തിയതിന് നന്ദി പറയുന്നു. എന്‍റെ നാടിന്, എനിക്കൊപ്പം നിന്ന ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും നന്ദി '',  പാര്‍ത്ഥിവ് പട്ടേല്‍ ട്വീറ്റ് ചെയ്തു.


2002ല്‍ തന്‍റെ കരിയര്‍ ആരംഭിച്ച   പാര്‍ത്ഥിവ് (Parthiv Patel)  , 2018 വരെ നീണ്ട കാലയളവില്‍  ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.


17ാം വയസിലാണ് പാര്‍ത്ഥിവ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ടെസ്റ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ഇന്നും പാര്‍ത്ഥിവിനൊപ്പമാണ്. 2002ല്‍ ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ 17 വയസും 152 ദിവസവുമായിരുന്നു പാര്‍ത്ഥിവിന്‍റെ പ്രായം.  2018 ജനുവരിയില്‍ ജൊഹന്നാസ്ബെര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു പാര്‍ത്ഥിവ് ഇന്ത്യക്കായി അവസാനം കളിച്ചത്.


വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് പാര്‍ത്ഥിവ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റി൦ഗ് അദ്ദേഹത്തിന് വിനയായി.  പല പരമ്പരകളിലും റിസര്‍വ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു.  ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ പാര്‍ത്ഥിവ് ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനു വേണ്ടിയാണ് കളിച്ചിരുന്നത്.


Also read: viral video: ധോണിയെ മിസ് ചെയ്യുന്നുവെന്ന് ആരാധകർ; മറുപടിയുമായി കൊഹ്ലി


അതേസമയം,  ധോണിയുഗത്തിലെ (MS Dhoni) നിര്‍ഭാഗ്യവാനായ  വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ്  പാര്‍ത്ഥിവും
അറിയപ്പെടുന്നത്.  ധോണി ക്യാപ്റ്റനെന്ന നിലയിലും ഒപ്പം വിക്കറ്റ് കീപ്പര്‍ എന്നനിലയിലും തിളങ്ങിയപ്പോള്‍  പാര്‍ത്ഥിവ് അടക്കമുള്ളവര്‍ ടീമിലേക്ക് വന്നും പോയും നിന്നു. 


അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore)  ഭാഗമായിരുന്നു പാര്‍ത്ഥിവ്. മലയാളി താരം ദേവദത്ത് പടിക്കല്‍ തിളങ്ങിയതോടെ ഒരു മത്സരം പോലും കളിക്കാന്‍ പാര്‍ത്ഥിവിന് അവസരം ലഭിച്ചിരുന്നില്ല.