ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇന്ത്യ ഇനി ക്രിക്കറ്റില്‍ മത്സരിക്കില്ലെന്ന് ബിസിസിഐ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മുകശ്മീരിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. 


കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തെക്കുറിച്ച്‌ ആലോചിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചവരെ പാക്കിസ്ഥാന്‍ സംരക്ഷിക്കുകയും നടപടി എടുക്കാന്‍ തയ്യാറാകാത്തതുമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ലോകകപ്പില്‍ പാക് ടീമിനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ബിസിസിഐയെ സമീപിച്ചിരുന്നു. 


ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഒരു കായിക സംഘടനയാണെങ്കിലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് സെക്രട്ടറി സുരേഷ് ബഫ്ന പറഞ്ഞിരുന്നു. രാജ്യം ഭീകരാക്രമണത്തിന്‍റെ ഞെട്ടലില്‍ നില്‍ക്കെ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെകളിക്കരുതെന്നും സുരേഷ് ആവശ്യപ്പെട്ടിരുന്നു. 


മെയ് മുപ്പതിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 16-നാണ് ഇന്ത്യ-പാക് മത്സരം. പാക്കിസ്ഥാന്‍റെ അഭ്യന്തര ടി20 ലീഗായ പിഎസ്‌എല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.


പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.ഇതിന്‍റെ ഭാഗമായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലെ ഇമ്രാന്‍ ഖാന്‍റെ ചിത്രം എടുത്തു മാറ്റിയിരുന്നു. 


പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കുകയും അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. 


കൂടാതെ പാക് സിനിമാ താരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുക, ഇന്ത്യയിലെ ഒന്നിലേറെ സ്റ്റേഡിയങ്ങളില്‍ നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ ശക്തമായ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.