World Cup 2023: ഒരു മികച്ച പെർഫോമൻസ് പോലും സഞ്ജുവിൻ്റേതായില്ല ? വല്ലപ്പോഴും കളി ഒന്ന് കാണണം- ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു
സഞ്ജു സാംസൺ ആകെ കളിച്ച 12 ഏകദിന ഇന്നിങ്ങ്സുകളിൽ 7 എണ്ണത്തിലും 30+ സ്കോറുകളുണ്ട്. മൂന്ന് അർധസെഞ്ചുറികൾ അടക്കം. ബാക്കി അഞ്ചെണ്ണത്തിൽ രണ്ടെണ്ണം നോട്ടൗട്ടാണ്.
തിരുവനനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. സഞ്ജു ഫോമല്ലാത്തിനാലാണ് ടീമിൽ നിന്നും ഒഴിവാക്കിയതെന്നാണ് വിശദീകരണമെങ്കിലും ഇത് ആരാധകർ അംഗീകരിടച്ചിട്ടില്ല. കഴിഞ്ഞ മാർച്ചിനു ശേഷം ഒരൊറ്റ ഏകദിനം പോലും കളിക്കാത്ത കെ.എൽ രാഹുലും ഏകദിനത്തിൽ കുറഞ്ഞ ആവറേജുള്ള സൂര്യകുമാർ യാദവും ടീമിലുള്ളപ്പോൾ സഞ്ജുവിനെ തഴഞ്ഞത് നീതീകേടാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഇതിനെ സംബന്ധിച്ച് നെൽസൺ ജോസഫ് എന്നയാൾ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ഓർമയിൽ നിൽക്കുന്ന ഒരു പെർഫോമൻസ് പോലും സഞ്ജുവിൻ്റേതായിട്ടില്ല എന്ന് പറയുന്നവർ ഇടക്ക് കളിയൊന്ന് കാണണം എന്നും നെൽസൺ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിൻറെ പൂർണ രൂപം ഇങ്ങനെ.
ന്യായീകരിക്കാൻ ഇറങ്ങിയ കുറച്ച് മലയാളി ക്രിക്കറ്റ് 'പ്രേമി'കളോട് കൂടിയാണ്.
ഇന്ന് ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ചിനു ശേഷം ഒരൊറ്റ ഏകദിനം പോലും കളിക്കാത്ത കെ.എൽ രാഹുലും ഏകദിനത്തിൽ 24.33 റൺ ആവറേജിൽ അഞ്ഞൂറ്റിച്ചില്വാനം റൺ മാത്രമുള്ള സൂര്യകുമാർ യാദവും ടീമിലുണ്ട്.
ഏകദിനത്തിൽ 55.71 റൺ ആവറേജും 104 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജു സാംസൺ ടീമിലില്ല. അതിൽ വലിയ അദ്ഭുതമൊന്നുമില്ല. എന്നാലും ഇന്ന് ഇത് പറഞ്ഞില്ലെങ്കിൽ ഉറക്കം കിട്ടില്ല.
സഞ്ജു സാംസണെ ടീമിലെടുക്കാത്തത് ന്യായീകരിക്കാൻ പറയുന്നത് സഞ്ജു കിട്ടിയ അവസരത്തിലൊന്നും പെർഫോം ചെയ്തില്ല എന്നാണ്.
സഞ്ജു സാംസൺ ആകെ കളിച്ച 12 ഏകദിന ഇന്നിങ്ങ്സുകളിൽ 7 എണ്ണത്തിലും 30+ സ്കോറുകളുണ്ട്. മൂന്ന് അർധസെഞ്ചുറികൾ അടക്കം. ബാക്കി അഞ്ചെണ്ണത്തിൽ രണ്ടെണ്ണം നോട്ടൗട്ടാണ്.
എന്ന് വച്ചാൽ പെർഫോം ചെയ്തില്ല എന്ന് ജെനുവിൻ ആയി വാദിക്കാൻ കഴിയുന്ന ഇന്നിങ്ങ്സുകൾ 12,15,9 (രണ്ടാമത്തെയും ഏഴാമത്തെയും പന്ത്രണ്ടാമത്തെയും ഇന്നിങ്ങ്സുകളിൽ)
സൂര്യകുമാർ യാദവിൻ്റെ കഴിഞ്ഞ പതിനഞ്ച് ഇന്നിങ്ങ്സുകൾ ഇതാണ്. 13,9,8,4,34*,6,4,31,14,0,0,0,19,24,35
അവസാന പതിനഞ്ച് ഇന്നിങ്ങ്സുകളിൽ വെറും 201 റൺ (ആവറേജ് 14.35), ഒരൊറ്റ അർധസെഞ്ചുറിയില്ല. ഹാട്രിക് ഡക്കുകൾ.
പക്ഷേ സൂര്യകുമാർ യാദവ് ടീമിലുണ്ട്.
ങാ, പിന്നെപ്പറയുന്നത് ഓർമയിൽ നിൽക്കുന്ന ഒരു പെർഫോമൻസ് പോലും സഞ്ജുവിൻ്റേതായിട്ടില്ല എന്നാണ്.
അങ്ങനെയുള്ളവരോട് ഒന്നേ പറയാനുള്ളൂ.
വല്ലപ്പോഴും കളി ഒന്ന് കാണണം.
118 റണ്ണിന് അഞ്ച് വിക്കറ്റ് വീണിടത്ത് നിന്ന് ശാർദുൽ താക്കൂറിനെയും കുൽദീപ് യാദവിനെയും ആവേശ് ഖാനെയും രവി ബിഷ്ണോയിയെയും മാത്രം കൂട്ടുപിടിച്ച് 63 പന്തിൽ നിന്ന് 86 അടിച്ചതൊക്കെ കാണണമെങ്കിൽ കളി വല്ലപ്പോഴുമെങ്കിലും കണ്ടാലേ പറ്റൂ.
ലോകകപ്പിൽ നിന്ന് മാത്രമല്ലല്ലോ തഴഞ്ഞത്.
ഏഷ്യാ കപ്പിൽ അവസരമില്ല.
ഏഷ്യൻ ഗെയിംസിലും കിട്ടുമോയെന്ന് അറിയില്ല.
ഒരു ന്യായീകരണത്തിനും സഞ്ജുവിൻ്റെ ടാലൻ്റിനെ ഒളിപ്പിക്കാനാവില്ല.
ഇന്നും എന്നും സഞ്ജു സാംസണിനൊപ്പം.
കുറിച്ചുവച്ചോ.
തഴയുന്നവർ പുകഴ്ത്തുന്ന ഒരു ദിവസം വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...