റിയോ ഒളിംപിക്സിന് സിക്ക വൈറസ് ഭീഷണി: നീട്ടിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധർ
റിയോ ഡി ജനീറോ∙സിക്ക വൈറസ് ഭീഷണിയെ തുടര്‍ന്ന് ബ്രസീലിലെ റയോ ഡി ജനീറോയില്‍ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന റിയോ ഒളിംപിക്സ് നീട്ടിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധർ. സിക്ക വൈറസ് പടരുന്ന സാഹചര്യത്തില്‍ ഒളിംപിക്സ് നീട്ടിവയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.
രാജ്യാന്തര തലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരും പ്രഫസര്‍മാരും ആരോഗ്യവിദഗ്ധരും ഉള്‍പ്പടെ 150 പേര്‍ ഒപ്പുവച്ച കത്തിലാണ് ലോകാരോഗ്യ സംഘടനയോടുള്ള നിര്‍ദേശം. ബ്രസീലില്‍ ആരോഗ്യമേഖലയുടെ ദുര്‍ബലാവസ്ഥയും കൊതുക് നിര്‍മാര്‍ജനത്തിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം. മുന്‍പെങ്ങുമില്ലാത്ത വിധം സിക്ക വൈറസ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന വസ്തുതാപരമായി നിലപാടെടുക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സിക വൈറസ് മൂലം ഒളിംപിക്സ് മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു രാജ്യാന്തര ഒളിംപിക്സ് സമിതിയുടെ നിലപാട്. ഓഗസ്റ്റ് അഞ്ച് മുതല്‍ 21 വരെയാണ് റയോ ഒളിംപിക്സ്. അഞ്ചുലക്ഷത്തോളം ആളുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.