ബെം​ഗളൂരു: ഐപിഎൽ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് കടന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിനാണ് ബെം​ഗളൂരു തോൽപ്പിച്ചത്. ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് പിന്നാലെ ബെം​ഗളൂരുവും പ്ലേഓഫ് ടിക്കറ്റ് സ്വന്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് ചെന്നൈയുടെ ഒപ്പം 14 പോയിന്റായി. എന്നാൽ റൺറേറ്റിൻ്റെ വ്യത്യാസത്തിലാണ് ചെന്നൈയെ മറികടന്ന് ആർസിബി നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് എത്തിയത്. ആർസിബി ഉയ‌ർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നിശ്ചിത ഓവറിനുള്ളിൽ 201 റൺസ് എന്ന കടമ്പ കടന്നിരുന്നുവെങ്കിൽ ചെന്നൈക്ക് പ്ലേഓഫിലെത്താമായിരുന്നു. അവസാന ഓവറുകളിൽ ധോണിയും ജഡേജയും തകർപ്പൻ പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറിൽ ധോണി പുറത്തായതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. 


മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആദ്യ പന്തിൽ തന്നെ നായകൻ റുതുരാജ് ​ഗെയ്ക്വാദിൻ്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് എത്തിയ ഡാരൽ മിച്ചലിനും (4) മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. പിന്നീട് മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും രഹാനെയും ചേർന്ന് ചെന്നൈക്കായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും 66 റൺസ് നേടുകയും ചെയ്തു. രചിൻ രവീന്ദ്ര 37 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 61 റൺസാണ് നേടിയത്. രഹാനെ 22 പന്തുകളിൽ 33 റൺസ് നേടി പുറത്തായി. എന്നാൽ പിന്നാലെയത്തിയ ബാറ്റ്സ്മാൻമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് ചെന്നൈയെ തോൽവിയിലേക്ക് നയിച്ചു. 


മത്സരത്തിൽ തോൽവി ഏകദേശം ഉറപ്പിച്ച ചെന്നൈ പ്ലേഓഫിലേക്ക് ക്വാളിഫൈ ചെയ്യാനുള്ള 201 റൺസ് എന്ന ലക്ഷ്യത്തിലേക്കാണ് കുതിച്ചത്. അവസാന ഓവറുകളിൽ ധോണിയുടെയും ജഡേജയുടെയും പ്രകടനം ബെം​ഗളൂരുവിനെ ആശങ്കയിലാക്കിയിരുന്നു. അവസാന രണ്ട് ഓവറിൽ 35 റൺസായിരുന്നു പ്ലേഓഫിലേക്ക് കടക്കാൻ ചെന്നൈക്ക് വേണ്ടിയിരുന്നത്. ഫെ‌ർ​ഗൂസണിൻ്റെ 19‍ാം ഓവറിൽ 18 റൺസ് നേടി ധോണിയും ജഡേജയും ചെന്നൈ ആരാധകർക്ക് പ്രതീക്ഷ നൽകി. ഇതോടെ അവസാന ഓവറിൽ 17 റൺസായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. അവസാന ഓവർ എറിഞ്ഞ യഷ് ദയാലിൻ്റെ ആദ്യ പന്തിൽ തന്നെ ധോണി ഒരു കൂറ്റൻ സിക്സ‍ർ പറത്തി. എന്നാൽ രണ്ടാം പന്തിൽ ധോണി പുറത്തായതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിച്ചു. പിന്നീട് മികച്ച പന്തുകളിലൂടെ യഷ് ദയാൽ ബെം​ഗളൂരുവിന് വിജയം സമ്മാനിക്കുകയായിരുന്നു. ധോണി 13 പന്തിൽ 25 റൺസ് നേടിയപ്പോൾ ജഡേജ 22 പന്തിൽ 42 റൺസ് നേടി പുറത്താകാതെ നിന്നു. 


മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ബെംഗളൂരു ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറുകളിൽ തന്നെ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും മികച്ച ബാറ്റി​ങ് പുറത്തെടുത്തു. ആദ്യ വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. ഡുപ്ലെസി 39 പന്തുകളിൽ 54 റൺസിം കോഹ്ലി 29 പന്തുകളിൽ നിന്നും 47 റൺസും നേടി. മൂന്നാമനായി എത്തിയ രജത് പട്ടിദാരും(41) അടിച്ചു തകർത്തതോടെ ബെം​ഗളൂരുവിൻ്റെ സ്കോർ ഉയരുകയായിരുന്നു. 17 പന്തുകളിൽ 38 റൺസ് നേടിയ ഗ്രീനും, 6 പന്തുകളിൽ 14 റൺസ് നേടിയ കാർത്തിക്കും, 5 പന്തുകളിൽ 16 റൺസ് നേടിയ മാക്സ്വെല്ലും ബാംഗ്ലൂരിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടെ ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 218 എന്ന സ്കോറിൽ എത്തുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.