ആലപ്പുഴ: സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തി ബിഎസ്എന്‍എല്‍ 5 ജിയിലേക്ക് കുതിക്കുന്നു. മറ്റുളള കമ്പനികള്‍ അതിവേഗം ഫോര്‍ജിയിലേക്ക് മാറിയപ്പോള്‍ നിശബ്ദത പാലിച്ചത് ബിഎസ്എന്‍എല്ലിന് നല്ലൊരു ഇടിവുണ്ടാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് സ്വകാര്യ കമ്പനികള്‍ക്ക് മുന്‍പേ ഫൈവ് ജി സൗകര്യം കൊണ്ടുവരാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്തും 2022 ഓടെ കേരളത്തിലും ഫൈവ് ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം.


കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അധികൃതര്‍. ഇതോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ബിഎസ്എന്‍എല്‍ ഫോര്‍ജി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.


കേരളത്തില്‍ ബിഎസ്എന്‍എല്‍ 4 ജി സൗകര്യം ലഭ്യമായ നാലാമത്തെ ജില്ലയാണ് ആലപ്പുഴ. ചേര്‍ത്തല മുതല്‍ അമ്പലപ്പുഴ വരെയുള്ള മേഖലയില്‍ ഫോര്‍ജി ലഭ്യമാകും. തൊണ്ണൂറ്റി രണ്ട് ത്രീ ജി ടവറുകള്‍ ഫോര്‍ ജിയിലേക്ക് മാറി. 


കുട്ടനാടിന്‍റെ കിഴക്കന്‍ മേഖലയിലും മാവേലിക്കരയിലും ഉടന്‍ ഫോര്‍ജിയെത്തും. സിം ഫോര്‍ജിയിലേക്ക് മാറ്റുന്നതിനായി ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിനെ സമീപിക്കണം. ആലപ്പുഴയ്ക്ക് പുറമെ ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലും ബിഎസ്എന്‍എല്‍ ഫോര്‍ജി സൗകര്യം ലഭ്യമാണ്.