521 കിലോ മീറ്ററിന്റെ ഞെട്ടിക്കുന്ന റേഞ്ച് ,മോഹവില; ബുക്ക് ചെയ്യാം ബിവൈഡി ആറ്റോ 3
ആറ്റോ 3ന്റെ ഇന്ത്യയിലെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു
ചൈനീസ് വാഹന ഭീമന്മാരായ ബിവൈഡി ഇന്ത്യൻ വാഹന മാര്‍ക്കറ്റിൽ എത്തിയത് രണ്ടും കൽപ്പിച്ചാണ്.രാജ്യത്തെ ആദ്യ ഇലക്ട്രിക് MPV യായ E6ന് ശേഷം SUV യുമായി ബിവൈഡി ഇപ്പോൾ വീണ്ടും എത്തിയിരിക്കുകയാണ്. ആറ്റോ 3 എന്ന് പേരിട്ടിരിക്കുന്ന പുതിയ SUV യുടെ ആദ്യ പ്രദർശനം നടത്തിയ കമ്പനി ബുക്കിങ്ങും ആരംഭിച്ച് കഴിഞ്ഞു.
ആറ്റോ 3ന്റെ ഇന്ത്യയിലെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനീസ് വിപണിയിലെത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. E6 ന് പിന്നാലെ ബിവൈഡി പുറത്തിറക്കുന്ന രണ്ടാമത്തെ പാസഞ്ചർ കാറാണ് ആറ്റോ 3.
ചൈനീസ് ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്സിന്റെ സിഎസ് ഇവി, ഹ്യുണ്ടേയ് കോന എന്നീ വാഹനങ്ങളാകും ആറ്റോ 3 യുടെ പ്രധാന എതിരാളികൾ. ഈ വാഹനങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് ആറ്റോ 3 യുടെ വരവ്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,455 എംഎം 1,875 എംഎം 1,615 എംഎം. 2,720 എംഎം വീൽബേസുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 150 എംഎം. എംജി സിഎസിനെക്കാൾ 132 എംഎമ്മും ഹ്യുണ്ടേയ് കോനയെക്കാൾ 275 എംഎം നീളക്കൂടുതലും ആറ്റോ 3 ക്കുണ്ട്.
ഫുൾ എൽഇഡി ഹെഡ്‌ലാംപ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, പാനോരമിക് സൺറൂഫ്, പവർ അസിസ്റ്റ് അഡ്ജസ്റ്റബിൾ മുൻ സീറ്റുകൾ,ഫുൾ ഡിജിറ്റൽ മീറ്റർ കൺസോൾ, വിവിധ ആംഗിളിൽ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫൊടെയ്‌ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് ടെയിൽ ഗേറ്റ്, ആംബിയന്റ് ലൈറ്റിങ്, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിങ്ങനെ ഫീച്ചറുകളാൽ സമ്പന്നമാണ് ആറ്റോ 3.
സുരക്ഷക്കായി 7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം , ഹിൽ ഡിസെന്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, റഡാർ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (ADAS), ഫുൾ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, കൊളീഷൻ വാണിങ്, ബ്ലൈൻഡ് സ്പോർട്ട് വാണിങ് ഇങ്ങനെ അത്യാധുനികമായ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുണ്ട് ആറ്റോ 3 യിൽ.
ബിവൈഡിയുടെ ഇ–പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം. രാജ്യന്തര വിപണിയിൽ 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്കിന്റെ വകഭേദങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ എത്തുന്നത് 60.48 kWh ന്റെ വകഭേദം മാത്രമാണ്. ഒറ്റചാർജിൽ 512 കിലോമീറ്ററാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയ ബാറ്ററി റേഞ്ച്. കൂടുതൽ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് ആറ്റോ 3യിൽ ഉൾകോള്ളിച്ചിരിക്കുന്നത്.
പ്രകടനത്തിൽ പുലിയാണ് BYD ആറ്റോ 3. 240 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാഗ്‌നെറ്റ് സിങ്ക്രനസ് മോട്ടറാണ് ആറ്റോ 3 ക്കുള്ളത്. 1,750 കിലോഗ്രാം ഭാരമുള്ള SUV 7.3 സെക്കൻഡിൽ 0–100കിമീ വേഗത്തിലെത്തും. ടൈപ് 2, CCS2 എന്നിവയാണ് ചാർജിങ് ഒാപ്ഷനുകൾ. 80 kW DC ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും. ടൈപ് 2 എസി ചാർജർ ഉപയോഗിച്ചാൽ 10 മണിക്കൂറില്‍ പൂർണമായും ചാർജ് ചെയ്യാം.
വാഹനം പുറത്തിറങ്ങുന്നതിന്റെ പ്രൊമോഷണൽ പാക്കേജിന്റെ ഭാഗമായി മൂന്നു വർഷത്തേയ്ക്ക് 4 ജി ഡേറ്റ സൗജന്യമായി BYD നൽകുന്നുണ്ട്. കൂടാതെ 6 വർഷം റോഡ്സൈഡ് അസിസ്റ്റൻസും 6 സൗജന്യ മെയിന്റനൻസ് സർവീസും ലഭിക്കും.വാഹനത്തിന് ആറ് വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ ആണ് സ്റ്റാൻഡേർഡ് വാറന്റി . ബാറ്ററിക്ക് എട്ടുവർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്ററും ലഭിക്കും.