ബംഗളൂരു: ചന്ദ്രയാന്‍-2 വിക്രം ലാന്‍ഡറിന്‍റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡറിന്‍റെ ഭ്രമണപഥം മാറ്റുന്ന ആദ്യ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ 8.50 നാണ് ഈ ദൗത്യം പൂര്‍ത്തിയായത്. നാല് സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന പ്രക്രിയയിലൂടെ ഭ്രമണപഥം താഴ്ത്തി. ചന്ദ്രനില്‍ നിന്ന് 104 കിലോമീറ്റര്‍ അടുത്ത ദൂരവും 128 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ ലാന്‍ഡറുള്ളത്. ബു​ധ​നാ​ഴ്ച ഉച്ചയ്ക്ക് ശേഷം 3.30നും 4.30നും മധ്യേ അടുത്ത ഭ്രമണപഥം താഴ്ത്തല്‍ നടക്കും.


ഇന്നലെ ഉച്ചക്ക് 1.15നാണ് വിക്രം ലാന്‍ഡറിന്‍റെ വേര്‍പെടല്‍ പൂര്‍ത്തിയായത്. 


ഓര്‍ബിറ്ററും ലാന്‍ഡറും വിജയകരമായ യാത്രയിലാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്‌ വരികയാണ്. നിലവില്‍ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.


വിക്രം ലാന്‍ഡര്‍ രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തിയാണ് ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കുക. ഇതിന് ശേഷം ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ ക്യാമറ നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്‍റെ ദൃശ്യങ്ങളെടുത്ത് ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.


സെപ്റ്റംബര്‍ ഏഴിനാണ് ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. പുലര്‍ച്ചെ 1:30നും 2.30നും ഇടയില്‍ ചന്ദ്രയാന്‍-2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ കണക്കുകൂട്ടല്‍.  ഈ ദൗത്യം വിജയിച്ചാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ!!


ചന്ദ്രന്‍റെ  ദക്ഷിണ ധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐ.എസ്.ആര്‍.ഒയുടെ തീരുമാനം. 


ഇ​ന്ത്യ ച​ന്ദ്ര​നെ തൊ​ടാ​ന്‍ ഇനി വെറും നാ​ലു​ നാള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ചരിത്ര നേട്ടത്തിനായി കാത്തിരിയ്ക്കുകയാണ് ശാസ്ത്രലോകവും ഭാരതവും!!