ന്യൂഡല്‍ഹി: ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയുടെ ഓക്സിജനാണ് ഡാറ്റയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രഗതി മൈദാനില്‍ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2017 വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡാറ്റ എന്നത് 'അതിപ്രധാനമായതും ജീവൻ നിലനിർത്തുന്നതുമായ വിഭവമാണ്' എന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. എല്ലാ ഇന്ത്യക്കാര്‍ക്കും ഏറ്റവും താങ്ങാവുന്ന വിലയില്‍ ഇത് കിട്ടേണ്ടത് അത്യാവശ്യമാണ്. നാലാമത് വ്യാവസായിക വിപ്ലവം കണക്റ്റിവിറ്റി, ഡാറ്റ, നിര്‍മ്മിത ബുദ്ധി എന്നിവയിലുണ്ടായ മുന്നേറ്റങ്ങളോടെ ആരംഭിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്യേണ്ടതില്ലാത്ത ഇന്ധനമാണ് ഡാറ്റ. അതാവട്ടെ നമുക്കിവിടെ ധാരാളമുണ്ട് താനും. അദ്ദേഹം പറഞ്ഞു.


വരുന്ന പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ടെലികോം രംഗം 2.5 ട്രില്ല്യന്‍ ഡോളറില്‍ നിന്നും 7 ട്രില്ല്യന്‍ ഡോളര്‍ വരെ വളര്‍ച്ച പ്രാപിക്കും. ലോകത്തിലെ ഏറ്റവും വലിയ മൂന്നു സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറും. അടുത്ത പന്ത്രണ്ട് മാസങ്ങള്‍ക്കകം 4G നെറ്റ്വര്‍ക്ക് 2G നെറ്റ്വര്‍ക്കിനെ കടത്തി വെട്ടും. എല്ലാ ഇന്ത്യക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ ഇന്‍റര്‍നെറ്റ് ലഭിക്കേണ്ട സമയമായെന്നും അംബാനി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 155ാം സ്ഥാനത്തുനിന്നും ഒറ്റച്ചാട്ടത്തിനാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഉപഭോക്താക്കളായി മാറിയത്.


ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്‍റെയും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും കെ ആന്‍ഡ് ഡി കമ്യൂണിക്കേഷന്‍സ് ലിമിറ്റഡും സംയുക്തമായാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2017 സംഘടിപ്പിക്കുന്നത്.